മാത്യൂ വേഡ് ഹീറോ, പാകിസ്ഥാനെ തകർത്ത് ഓസ്‌ട്രേലിയ ഫൈനലിൽ
മാത്യൂ വേഡിന്റെ തകർപ്പൻ ഇന്നിങ്‌സ് മികവിൽ സെമിഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഓസ്‌ട്രേലിയ ഫൈനലിൽ. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ഫൈനലിൽ ന്യൂസിലാൻഡാണ് ഓസ്‌ട്രേലിയയുടെ എതിരാളി.

ഒരു ഘട്ടത്തിൽ 96 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഓസ്‌ട്രേലിയ മത്സരത്തിൽ തിരിച്ചെത്തിയത്. ആറാം വിക്കറ്റിൽ 81 റൺസ് മാർക്കസ് സ്റ്റോയിനിസും മാത്യൂ വേഡും കൂട്ടിച്ചേർത്തു. സ്റ്റോയിനിസ് 31 പന്തിൽ 2 ഫോറും 2 സിക്സുമടക്കം 40 റൺസും മാത്യൂ വേഡ് 17 പന്തിൽ 2 ഫോറും 4 സിക്സുമടക്കം 41 റൺസ് നേടി പുറത്താകാതെ നിന്നു. ഷഹീൻ അഫ്രീദിയെറിഞ്ഞ 19 ആം ഓവറിലെ അവസാന പന്തിൽ തുടർച്ചയായി മൂന്ന് സിക്സ് പറത്തിയാണ് മാത്യൂ വേഡ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

ഡേവിഡ് വാർണർ 30 പന്തിൽ 49 റൺസും മിച്ചൽ 22 പന്തിൽ 28 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 52 പന്തിൽ 67 റൺസ് നേടിയ മൊഹമ്മദ് റിസ്വാനും 32 പന്തിൽ 55 റൺസ് നേടിയ ഫഖർ സമാനുമാണ് മികച്ച സ്കോറിലെത്തിയത്. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റും പാറ്റ് കമ്മിൻസ്, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നവംബർ 14 ന് ദുബായിലാണ് ഫൈനൽ പോരാട്ടം. മറുഭാഗത്ത് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയാണ് ന്യൂസിലാൻഡ് ഫൈനലിലെത്തിയിരിക്കുന്നത്.
