Skip to content

തെറ്റ് എന്റെ ഭാഗത്തായിരുന്നുവെന്ന് തോന്നി, സെമിഫൈനലിൽ സിംഗിൾ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡാരൽ മിച്ചൽ

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ പോരാട്ടത്തിലെ നിർണായക നിമിഷത്തിൽ സിംഗിൾ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ന്യൂസിലാൻഡ് ഓപ്പണർ ഡാരൽ മിച്ചൽ. മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 72 റൺസ് നേടി മികച്ച പ്രകടനമാണ് ഡാരൽ മിച്ചൽ പുറത്തെടുത്തത്. മത്സരത്തിൽ 5 വിക്കറ്റിന് വിജയിച്ച ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

ആദിൽ റഷീദ് എറിഞ്ഞ 18 ആം ഓവറിലായിരുന്നു സംഭവം. ഓവറിലെ ആദ്യ പന്ത് ജിമ്മി നീഷം പഞ്ച് ചെയ്യുകയും പന്ത്‌ കൈപിടിയിലൊതുക്കാൻ ശ്രമിക്കുന്നതിനിടെ ആദിൽ റഷീദ് നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഡാരൽ മിച്ചലുമായി കൂട്ടിയിടിക്കുകയും പന്ത്‌ മിഡ് ഓണിലേക്ക് പോവുകയും ചെയ്തു. ജിമ്മി നീഷം സിംഗിൾ ഓടുവാനായി തുനിഞ്ഞുവെങ്കിലും ഡാരൽ മിച്ചൽ വേണ്ടെന്നുപറയുകയായിരുന്നു. 18 പന്തിൽ വിജയിക്കാൻ 34 റൺസ് വേണമെന്നിരിക്കെയാണ് ഡാരൽ മിച്ചൽ സിംഗിൾ വേണ്ടെന്നുവെച്ചത്.

( Picture Source : Twitter / ICC T20 WORLD CUP )

” പന്തെടുക്കാനുള്ള റഷീദിന്റെ ശ്രമം ഞാൻ അൽപ്പം തടസ്സപെടുത്തിയതായി എനിക്ക് തോന്നിയിരുന്നു. ഒരു വിവാദത്തിന് കാരണക്കാരനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ സിംഗിൾ വേണ്ടെന്നുവെച്ചതിൽ തന്നെ എനിക്ക് സന്തോഷമുണ്ട്. “

” നല്ല സ്പിരിറ്റിലാണ് ഞങ്ങൾ എല്ലാവരും കളിക്കുന്നത്. അത് എന്റെ തെറ്റാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് റൺ എടുക്കാൻ ശ്രമിക്കാതിരുന്നത്. ആ സിംഗിൾ മത്സരത്തിൽ മാറ്റമുണ്ടാക്കിയില്ലയെന്നതിൽ ഞാൻ ഭാഗ്യവാനാണ്. ” മത്സരശേഷം ഡാരൽ മിച്ചൽ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

ആദ്യ പന്തിൽ സിംഗിൾ വേണ്ടെന്ന് വെച്ചുവെങ്കിലും ഓവറിൽ 2 സിക്സടക്കം 14 റൺസ് ജിമ്മി നീഷമും ഡാരൽ മിച്ചലും നേടി. 47 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ ഡാരൽ മിച്ചലിനൊപ്പം 11 പന്തിൽ 27 റൺസ് നേടിയ ജിമ്മി നീഷവും ന്യൂസിലാൻഡ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിക്കുന്നത്. നവംബർ 14 ന് ദുബായിലാണ് ഫൈനൽ പോരാട്ടം.

( Picture Source : Twitter / ICC T20 WORLD CUP )