Skip to content

സൗരവ് ഗാംഗുലിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ക്യാപ്റ്റനായി കെയ്ൻ വില്യംസൺ

സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ചരിത്രത്തിലാദ്യമായി ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ന്യൂസിലാൻഡ്. ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചതോടെ തകർപ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനുമുൻപ് 2 ക്യാപ്റ്റന്മാർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter / ICC T20 WORLD CUP )

സെമിഫൈനലിൽ 5 വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിന്റെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. 47 പന്തിൽ 4 ഫോറും 4 സിക്സുമടക്കം 72 റൺസ് നേടിയ ഡാരൽ മിച്ചൽ, 38 പന്തിൽ 46 റൺസ് നേടിയ ഡെവൺ കോൺവെ, 11 പന്തിൽ 27 റൺസ് നേടിയ ജെയിംസ് നീഷം എന്നിവരുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.

( Picture Source : Twitter / ICC T20 WORLD CUP )

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്കുള്ള ന്യൂസിലാൻഡിന്റെ മധുരപ്രതികാരം കൂടിയായിരുന്നുവിത്. 2019 ൽ നടന്ന ലോകകപ്പ് ഫൈനലിൽ സൂപ്പറോറും ടൈ ആയതിനെ തുടർന്ന് ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ഇംഗ്ലണ്ട് ചാമ്പ്യന്മാരാവുകയായിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

ന്യൂസിലാൻഡിന്റെ തുടർച്ചയായ മൂന്നാം ഐസിസി ഫൈനലാണിത്. നേരത്തെ 2019 ൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലും ഈ വർഷം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ന്യൂസിലാൻഡ് പ്രവേശിച്ചിരുന്നു. ഇതോടെ തുടർച്ചയായി മൂന്ന് ഐസിസി ടൂർണമെന്റുകളിൽ ടീമിനെ ഫൈനലിലെത്തിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന റെക്കോർഡ് കെയ്ൻ വില്യംസൺ സ്വന്തമാക്കി.

( Picture Source : Twitter )

മുൻ വെസ്റ്റിൻഡീസ് നായകൻ ക്ലൈവ് ലോയ്ഡും, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയുമാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1975 ലും 1979 ലും 1983 ലും നടന്ന ഏകദിന ലോകകപ്പുകളിലാണ് ക്ലൈവ് ലോയ്‌ഡ് വെസ്റ്റിൻഡീസിനെ ഫൈനലിലെത്തിച്ചത്. മറുഭാഗത്ത് 2000 ലും 2002 ലും നടന്ന ചാമ്പ്യൻസ് ട്രോഫിയിലും 2003 ൽ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിലെത്തിച്ചുകൊണ്ടാണ് സൗരവ്‌ ഗാംഗുലി ഈ റെക്കോർഡ് സ്വന്തമാക്കിയത്.

( Picture Source : Twitter )