ഐസിസി ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ഓപ്പണർമാരായ കെ എൽ രാഹുലും രോഹിത് ശർമ്മയും ആദ്യ രണ്ട് മത്സരങ്ങളിൽ നിറംമങ്ങിയ ഇരുവരും മികച്ച പ്രകടനമാണ് പിന്നീടുള്ള മത്സരങ്ങളിൽ പുറത്തെടുത്തത്. എന്നാൽ ടൂർണമെന്റിൽ ആദ്യ 2 മത്സരങ്ങളിൽ മാത്രം അവസരം ലഭിച്ച വിരാട് കോഹ്ലിയ്ക്ക് റാങ്കിങിൽ തിരിച്ചടി നേരിട്ടു.

പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും മികവ് പുറത്തെടുക്കാൻ സാധിക്കാതിരുന്ന കെ എൽ രാഹുൽ അവസാന മൂന്ന് മത്സരങ്ങളിൽ ഫിഫ്റ്റി നേടിയിരുന്നു. 5 മത്സരങ്ങളിൽ നിന്നും 194 റൺസ് നേടിയ കെ എൽ രാഹുലാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. ഈ പ്രകടനത്തോടെ റാങ്കിങിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കെ എൽ രാഹുൽ റാങ്കിങിൽ അഞ്ചാം സ്ഥാനത്തെത്തി.

ടൂർണമെന്റിൽ 2 ഫിഫ്റ്റിയടക്കം 174 റൺസ് നേടിയ രോഹിത് ശർമ്മ രണ്ട് സ്ഥാനങ്ങൾ മെച്ചപെടുത്തി 15 ആം സ്ഥാനത്തെത്തി. ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയെങ്കിലും ന്യൂസിലാൻഡിനെതിരെ 9 റൺസ് നേടി പുറത്തായ വിരാട് കോഹ്ലിയ്ക്ക് റാങ്കിങിൽ തിരിച്ചടിയേറ്റു. അവസാന മൂന്ന് മത്സരങ്ങളിൽ കോഹ്ലിയ്ക്ക് ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചിരുന്നില്ല. ഇതോടെ ആദ്യ അഞ്ചിൽ നിന്നും പിന്തളളപെട്ട കോഹ്ലി റാങ്കിങിൽ എട്ടാം സ്ഥാനത്തായി.

ടൂർണമെന്റിൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഐയ്‌ഡ്ൻ മാർക്രം മൂന്ന് സ്ഥാനങ്ങൾ മെച്ചപെടുത്തി റാങ്കിങിൽ മൂന്നാം സ്ഥാനത്തും സഹതാരം റാസി വാൻഡർഡുസൻ 6 സ്ഥാനങ്ങൾ മെച്ചപെടുത്തി പത്താം സ്ഥാനത്തുമെത്തി. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാനാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ളത്.
Aiden Markram jumps to the number 3 position in the latest men's T20I batting rankings.#AidenMarkram #SouthAfrica #T20WorldCup pic.twitter.com/l5JMOBczS8
— CricTracker (@Cricketracker) November 10, 2021
ബൗളർമാരുടെ റാങ്കിങിൽ ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് 11 സ്ഥാനങ്ങൾ മെച്ചപെടുത്തി എട്ടാം സ്ഥാനത്തെത്തിയപ്പോപൾ ആഡം സാംപ അഞ്ചാം സ്ഥാനത്തെത്തി. ആദ്യ നാലിൽ മാറ്റങ്ങളില്ല, ശ്രീലങ്കൻ സ്പിന്നർ ഹസരങ്കയാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. സൗത്താഫ്രിക്കൻ സ്പിന്നർ ഷംസി, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷിദ്, റാഷിദ് ഖാൻ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുബൗളർമാർ.
