ഐപിഎലിൽ 5 കപ്പ് നേടിയെന്ന് വെച്ച് അത് അന്താരാഷ്ട്ര തലത്തിൽ വിജയം ഉറപ്പ് നൽകില്ല ; രോഹിതിന് മുന്നറിയിപ്പ് നൽകി ഗവാസ്കർ

ലോകക്കപ്പിന് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിഞ്ഞതോടെ വൈസ് ക്യാപ്റ്റൻ ആയിരുന്ന രോഹിത് ശർമ്മയെ ബിസിസിഐ ക്യാപ്റ്റനായി നിയമിച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയ്ക്ക് വേണ്ടി 5 തവണ കപ്പ് നേടികൊടുത്ത രോഹിത് ശർമ്മ ക്യാപ്റ്റനായതോടെ വൻ ആവേശത്തിലാണ് ആരാധകർ. 2022ൽ ടി20 ലോകക്കപ്പും ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുകയാണ്.

എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ പോലെയല്ല ഇവിടെ കാര്യങ്ങളെന്നും ഐപിഎലിൽ കപ്പ് നേടിയെന്ന് വെച്ച് അത് അന്താരാഷ്ട്ര തലത്തിൽ വിജയം ഉറപ്പ് നൽകുന്നില്ലായെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. നവംബർ 17നാണ് ക്യാപ്റ്റനായുള്ള രോഹിതിന്റെ ആദ്യ മത്സരം. ശക്തരായ ന്യൂസിലാൻഡഡിനെതിരെയാണ് 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നയിക്കുക.

“ഇന്ത്യൻ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ രോഹിത് ശർമ തയ്യാറാണ്.  രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടി20 ക്രിക്കറ്റിന് ഇതൊരു പുതിയ തുടക്കമാണ്. രോഹിത് തന്റെ ക്യാപ്റ്റൻസിയിൽ അഞ്ച് ഐപിഎൽ ട്രോഫികൾ നേടിയിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാൽ ഒരു ദേശീയ ടീമിനെ നയിക്കുന്നത് നിങ്ങളുടെ സ്റ്റേറ്റ് ടീമോ ഫ്രാഞ്ചൈസിയെയോ നയിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്” – ഗവാസ്‌കർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

“ഒരു നല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരൻ ഒരു മികച്ച അന്താരാഷ്ട്ര ക്രിക്കറ്ററായി മാറണമെന്നില്ല.  അത് ക്യാപ്റ്റന്മാരുടെ കാര്യത്തിലും അങ്ങനെയാണ്, നിങ്ങളുടെ സംസ്ഥാന ടീമിനോ ഫ്രാഞ്ചൈസിക്കോ വേണ്ടി നിങ്ങൾ എത്ര കിരീടങ്ങൾ നേടിയാലും, അത് അന്താരാഷ്ട്ര തലത്തിൽ വിജയം ഉറപ്പ് നൽകുന്നില്ല” – ഗവാസ്‌കർ പറഞ്ഞു.

അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ രോഹിത് ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്.  കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചപ്പോഴും രോഹിത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  2018ലെ നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്. അതേസമയം ടി20യിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി കെഎൽ രാഹുലിനെയും നിയമിച്ചിട്ടുണ്ട്.