ഇന്ത്യൻ ടി20 ടീമിനെ ഇനി രോഹിത് ശർമ്മ നയിക്കും. ഐസിസി ടി20 ലോകകപ്പോടെ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി നിയമിച്ചത്. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയാണ് ഇന്ത്യൻ ടി20 ടീമിന്റെ ഫുൾ ടൈം ക്യാപ്റ്റായുള്ള രോഹിത് ശർമ്മയുടെ ആദ്യ പരമ്പര. കെ എൽ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, പേസ് ബൗളർ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർക്ക് ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ വിശ്രമം നൽകി. ഐ പി എല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വെങ്കടേഷ് അയ്യർ, സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഋതുരാജ് ഗയ്ഗ്വാദ്, സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരായ ഹർഷൽ പട്ടേൽ, ആവേശ് ഖാൻ എന്നിവർ ടീമിലിടം നേടിയപ്പോൾ യുസ്‌വെന്ദ്ര ചഹാൽ, മൊഹമ്മദ് സിറാജ് എന്നിവർ ടീമിൽ തിരിച്ചെത്തി.

ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച കേരളതാരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് ടീമിലിടം നേടാൻ സാധിച്ചില്ല. റിഷഭ് പന്തും ഇഷാൻ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ലോകകപ്പ് ടീമിലുണ്ടായിരുന്ന സ്പിന്നർ രാഹുൽ ചഹാറിന് ടീമിൽ ഇടം നേടുവാൻ സാധിച്ചില്ല.

ഇന്ത്യൻ ടീം ; രോഹിത് ശർമ്മ (c), കെ എൽ രാഹുൽ (vc), ഋതുരാജ് ഗയ്ഗ്വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (wk), ഇഷാൻ കിഷൻ (wk), വെങ്കടേഷ് അയ്യർ, യുസ്വേന്ദ്ര ചഹാൽ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, ഹർഷൽ പട്ടേൽ, മൊഹമ്മദ് സിറാജ്.
