ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. അഫ്‌ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചതോടെയാണ് ഇന്ത്യ ലോകകപ്പിൽ നിന്നും സെമിഫൈനൽ കാണാതെ പുറത്തായത്. മത്സരത്തിലെ വിജയത്തോടെ ന്യൂസിലാൻഡ് സെമിഫൈനലിൽ പ്രവേശിച്ചു.

മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിന്റെ വിജയം. അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. 42 പന്തിൽ പുറത്താകാതെ 40 റൺസ് നേടിയ കെയ്ൻ വില്യംസണും 32 പന്തിൽ 36 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കോൺവെയുമാണ് ന്യൂസിലാൻഡിന് അനായാസ വിജയം സമ്മാനിച്ചത്. മാർട്ടിൻ ഗപ്റ്റിൽ 23 പന്തിൽ 28 റൺസും ഡാരൽ മിച്ചൽ 12 പന്തിൽ 17 റൺസും നേടി പുറത്തായി.

അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് റഹ്മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാനിസ്ഥാന് വേണ്ടി 48 പന്തിൽ 73 റൺസ് നേടിയ നജിബുള്ള മാത്രമാണ് തിളങ്ങിയത്. ന്യൂസിലാൻഡിന് വേണ്ടി ട്രെൻഡ് ബോൾട്ട് നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ടിം സൗത്തീ നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റും മിൽനെ, നീഷം, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ഒന്നാം ഗ്രൂപ്പിൽ നിന്നും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും സെമിഫൈനൽ യോഗ്യത നേടിയിരുന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചത്.
