വിക്കറ്റ് നേടി മിച്ചൽ മാർഷിനെ കെട്ടിപിടിച്ചുകൊണ്ട് സെലിബ്രേറ്റ് ചെയ്ത് ക്രിസ് ഗെയ്ൽ, വിഡിയോ കാണാം
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പുറത്തായ ബാറ്ററായ മിച്ചൽ മാർഷിനെ കെട്ടിപ്പിടിച്ചുകൊണ്ട് തന്റെ വിക്കറ്റ് ആഘോഷിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തോടെ ക്രിസ് ഗെയ്ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ്. മത്സരത്തിൽ 9 പന്തിൽ 15 റൺസ് നേടി പുറത്തായ ശേഷം തന്റെ ബാറ്റുയർത്തിയാണ് വിരമിക്കുന്നുവെന്ന സൂചന ക്രിസ് ഗെയ്ൽ നൽകിയത്.

മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വെസ്റ്റിൻഡീസിനെ പരാജയപെടുത്തിയത്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 158 റൺസിന്റെ വിജയലക്ഷ്യം 16.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 56 പന്തിൽ 9 ഫോറും നാല് സിക്സുമടക്കം 89 റൺസ് നേടിയ ഡേവിഡ് വാർണറുടെയും 32 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 53 റൺസ് നേടിയ മിച്ചൽ മാർഷിന്റെയും മികവിലാണ് ഓസ്‌ട്രേലിയ അനായാസ വിജയം നേടിയത്.

മത്സരത്തിൽ അവസാന അഞ്ചോവറിൽ 9 റൺസ് വേണമെന്നിരിക്കെയാണ് പൊള്ളാർഡ് ഓവർ ക്രിസ് ഗെയ്ലിന് നൽകിയത്. രണ്ട് വൈഡ് അടക്കം ആദ്യ അഞ്ച് പന്തിൽ 7 റൺസാണ് ഗെയ്ൽ വഴങ്ങിയത്. തുടർന്ന് ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടി ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മിച്ചൽ മാർഷ് പുറത്തായത്. പുറത്തായ ശേഷം മടങ്ങുകയായിരുന്ന മിച്ചൽ മാർഷിനെ പുറകിൽ ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ടാണ് ക്രിസ് ഗെയ്ൽ വിക്കറ്റ് ആഘോഷിച്ചത്.
വീഡിയോ ;
ഈ ലോകകപ്പിൽ മികവ് പുലർത്താൻ ക്രിസ് ഗെയ്ലിനും വെസ്റ്റിൻഡീസ് ടീമിലെ മറ്റു താരങ്ങൾക്കും സാധിച്ചില്ല. ടൂർണമെന്റിൽ ബംഗ്ലാദേശിനെതിരെ മാത്രമാണ് നിലവിലെ ചാമ്പ്യന്മാർ കൂടിയായ വെസ്റ്റിൻഡീസിന് വിജയിക്കാൻ സാധിച്ചത്. ക്രിസ് ഗെയ്ലിനൊപ്പം ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയും ഈ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

മത്സരത്തിലെ തോൽവി വെസ്റ്റിൻഡീസിന് അടുത്ത ലോകകപ്പിലും തിരിച്ചടിയാകും. ഈ മത്സരത്തിൽ പരാജയപെട്ടാൽ റാങ്കിങിൽ ആദ്യ എട്ടിൽ നിന്നും പുറത്താകുമെന്നതിനാൽ അടുത്ത ലോകകപ്പിൽ വെസ്റ്റിൻഡീസിന് ക്വാളിഫയർ കളിക്കേണ്ടിവരും.
