Skip to content

അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാകില്ല, മോശം സമയത്ത് പിന്തുണച്ചത് അദ്ദേഹമാണ്, വീരേന്ദർ സെവാഗ്

തന്റെ മോശം ഫോമിനിടയിലും ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ സഹായിച്ചത് മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാൻ സാധിക്കുകയില്ലയെന്നും 2007-08 ൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ അദ്ദേഹം പിന്തുണച്ചതുകൊണ്ട് മാത്രമാണ് തനിക്ക് ടീമിൽ തിരിച്ചെത്താൻ സാധിച്ചതെന്നും സെവാഗ് പറഞ്ഞു.

2007 ൽ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ താൻ തിരഞ്ഞെടുക്കപെടുമെന്ന് കരുതിയില്ലയെന്നും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം മുൻ നിർത്തി ഗൗതം ഗംഭീർ, ആകാശ് ചോപ്ര അടക്കമുള്ള താരങ്ങൾക്ക് അവസരം നൽകുമെന്നാണ് കരുതിയതെന്നും എന്നാൽ അനിൽ കുംബ്ലെയുടെ പദ്ധതികൾ മറ്റൊന്നായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

” അദ്ദേഹത്തോടൊപ്പം പര്യടനത്തിനായി ഓസ്‌ട്രേലിയക്ക് യാത്ര ചെയ്യവേ എന്തിനാണ് എന്നെ ടീമിലെടുത്തതെന്നും വേറെ ഓപ്ഷനുകൾ ഉണ്ടായിരുന്നില്ലേയെന്നും അദ്ദേഹത്തോട് ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘ വസിം ജാഫർ, ദിനേശ് കാർത്തിക്, ആകാശ് ചോപ്ര, രാഹുൽ ദ്രാവിഡ് ഇവരെല്ലാം തന്നെ ഒരേ കാറ്റഗറിയിലുള്ള കളിക്കാരാണ്. 200 പന്തുകൾ നേരിട്ടാൽ മാത്രമാണ് അവർ ഒരു സെഞ്ചുറി നേടുക. എന്നാൽ എനിക്ക് ഓസ്‌ട്രേലിയയിൽ പോയി അവരെ പോലെ കളിച്ചുകൊണ്ട് മറുപടി നൽകാൻ കഴിയുന്ന ഓപ്പണറെയാണ് ആവശ്യം, ”

” ഒരേയൊരു കാര്യം മാത്രമാണ് അനിൽ ഭായ് എന്നോട് പറഞ്ഞത്, നീ കാത്തിരിക്കാൻ ഒരുപാട് നാളുകളായതിനാൽ അൽപ്പം ക്ഷമകാണിക്കണമെന്ന്, രണ്ട് മത്സരങ്ങൾക്ക് ശേഷമാണ് എനിക്ക് അവസരം ലഭിച്ചത്. ഞാൻ പെർത്തിൽ കളിക്കുകയും മികച്ച തുടക്കം ലഭിക്കുകയും ചെയ്തു. അധികമൊന്നും സ്കോർ ചെയ്യാൻ സാധിച്ചില്ല. രണ്ട് ഇന്നിങ്സിലും 20-30 റൺസ് ഞാൻ നേടി, കൂടാതെ 2 വിക്കറ്റ് നേടുകയും ആ മത്സരത്തിൽ ഞങ്ങൾ വിജയിക്കുകയും ചെയ്തു. അതൊരു നല്ല തുടക്കമായിരുന്നു. ” സെവാഗ് പറഞ്ഞു.

അനിൽ കുംബ്ലെയുടെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള സെവാഗിന്റെ പ്രകടനം. പെർത്ത് ടെസ്റ്റിന് ശേഷം അഡ്ലെയ്ഡിൽ നടന്ന അവസാന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 63 റൺസ് നേടിയ സെവാഗ് രണ്ടാം ഇന്നിങ്സിൽ 236 പന്തിൽ 151 റൺസ് നേടുകയും ഇന്ത്യയ്ക്ക് സമനില നേടികൊടുക്കുകയും ചെയ്തിരുന്നു. 20 റൺസ് നേടിയ എം എസ് ധോണിയായിരുന്നു ആ ഇന്നിങ്സിൽ സെവാഗിന് ശേഷം ഇന്ത്യയുടെ ടോപ്പ് സ്‌കോറർ.