എന്റെ സമയമായി, വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഈ ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തോടെയാണ് ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. ഐസിസി ഷോയിൽ സംസാരിക്കുന്നതിനിടെയാണ് ബ്രാവോ ഇക്കാര്യം പങ്കുവെച്ചത്. നീണ്ട 18 വർഷത്തോളം ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ നന്ദി രേഖപ്പെടുത്തിയ താരം ഐസിസി ട്രോഫികളായിരിക്കും തന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളെന്നും വ്യക്തമാക്കി.

( Picture Source : Twitter / ICC T20 WORLD CUP )

” എന്റെ സമയമായെന്ന് ഞാൻ കരുതുന്നു. മികച്ച കരിയറായിരുന്നു എന്റേത്. 18 വർഷത്തോളം വെസ്റ്റിൻഡീസിന് വേണ്ടി കളിക്കാൻ എനിക്ക് സാധിച്ചു, ഉയർച്ചകളും താഴ്ച്ചകളും കരിയറിൽ ഉണ്ടായിരുന്നു. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ എന്റെ പ്രദേശത്തെയും കരീബിയൻ ജനതയെയും പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. മൂന്ന് ഐസിസി ട്രോഫികൾ നേടുവാൻ സാധിച്ചതിലും ആഗോളതലത്തിൽ തന്നെ പേരെടുക്കാൻ സാധിച്ചതിലും അഭിമാനമുണ്ട്. ” ഡ്വെയ്ൻ ബ്രാവോ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

2012 ലും 2016 ലും ഐസിസി ടി20 ലോകകപ്പ്‌ നേടിയ വെസ്റ്റിൻഡീസ് ടീമിന്റെ നിർണായക ഭാഗമായിരുന്ന ബ്രാവോ 2004 ൽ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ വെസ്റ്റിൻഡീസ് ടീമിലംഗമായിരുന്നു. 90 ടി20 മത്സരങ്ങളിൽ വെസ്റ്റിൻഡീസിന് വേണ്ടി 78 വിക്കറ്റുകൾ നേടിയിട്ടുള്ള ബ്രാവോ 164 ഏകദിന മത്സരങ്ങളിൽ നിന്ന് 199 വിക്കറ്റും 40 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 86 വിക്കറ്റും നേടിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 6000 ത്തിലധികം റൺസ് നേടിയ ബ്രാവോ ടെസ്റ്റിൽ മൂന്ന് സെഞ്ചുറിയും ഏകദിന ക്രിക്കറ്റിൽ 2 സെഞ്ചുറിയും നേടിയിട്ടുണ്ട്.

( Picture Source : Twitter / ICC T20 WORLD CUP )

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും പരാജയപെട്ടതിനാൽ ഐസിസി ടി20 ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാർ കൂടിയായ വെസ്റ്റിൻഡീസ്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്‌ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടുവാനെ സാധിച്ചുള്ളൂ. 68 റൺസ് നേടിയ അസലങ്കയും 51 റൺസ് നേടിയ നിസംങ്കയുമാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങിൽ 54 പന്തിൽ പുറത്താകാതെ 84 റൺസ് നേടി ഷിംറോൺ ഹെറ്റ്മയർ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

( Picture Source : Twitter / ICC T20 WORLD CUP )