Skip to content

അവനെ തിരികെയെത്തിക്കാൻ ഫിസിയോ സപ്പോർട്ട് നൽകാൻ പോലും ഞങ്ങൾ തയ്യാറാണ്, രവിചന്ദ്രൻ അശ്വിൻ

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ കളിക്കളത്തിൽ തിരിച്ചെത്താൻ അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാന് ഫിനിസോ സപ്പോർട്ട് വരെ ഇന്ത്യ തയ്യാറാണെന്ന് രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ വിജയിച്ചാൽ മാത്രമേ സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ പശ്ചാത്തലത്തിലായിരുന്നു രവിചന്ദ്രൻ അശ്വിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

ഇനിയുള്ള രണ്ട് മത്സരങ്ങളിൽ വമ്പൻ വിജയം നേടിയാൽ പോലും ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാനെയും നമീബിയയെയും പരാജയപെടുത്തിയാൽ ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്താകേണ്ടിവരും. ആദ്യ മത്സരത്തിൽ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനോടും പരാജയപെട്ട ശേഷം ശക്തമായ തിരിച്ചുവരവാണ് അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ നടത്തിയത്. 66 റൺസിന്റെ വമ്പൻ വിജയം നേടിയ ഇന്ത്യ നെറ്റ് റൺറേറ്റും കാര്യമായി മെച്ചപ്പെടുത്തിയിരുന്നു. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു അശ്വിൻ പുറത്തെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തന്റെ തിരിച്ചുവരവിൽ നാലോറിൽ 14 റൺസ് വഴങ്ങിയ താരം 2 വിക്കറ്റും നേടിയിരുന്നു

( Picture Source : ICC T20 WORLD CUP )

” അവസാന രണ്ട് മത്സരങ്ങളിൽ എങ്ങനെ കളിക്കുമെന്നതിനെ കുറിച്ച് മാത്രമാണ് ഞങ്ങൾ ചർച്ച നടത്തേണ്ടത്. വലിയ വിജയം തന്നെയാണ് അവസാന രണ്ട് മത്സരങ്ങളിലും ഞങ്ങൾ ലക്ഷ്യമിടുന്നത്, എല്ലാവരുടെയും ആസൂത്രണവും അപ്രകാരമാണ്. എന്നാൽ ബാക്കിയുള്ളതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ”

” ക്രിക്കറ്റ് രസകരമായ ഗെയിമാണ്. അഫ്‌ഗാനിസ്ഥാൻ നല്ല ക്രിക്കറ്റാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ഒരുപാട് പ്രതീക്ഷകൾ അവർക്കൊപ്പമുണ്ട്. അവർക്ക് എല്ലാ ആശംസകളും. മുജീബ് റഹ്മാനെ വീണ്ടും കളികളത്തിലിറക്കാൻ ഫിസിയോ സപ്പോർട്ട് നൽകാൻ സാധിച്ചിരുന്നുവെങ്കിലെന്ന് പോലും ഞാൻ ആഗ്രഹിക്കുന്നു. ” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

സ്കോട്ലൻഡിനെതിരെ അഞ്ച് വിക്കറ്റും പാകിസ്ഥാനെതിരെ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം പുറത്തെടുത്ത മുജീബ് റഹ്മാന് പരിക്ക് മൂലം നമീബിയക്കെതിരായ മത്സരവും ഇന്ത്യയ്ക്കെതിരായ മത്സരവും നഷ്ട്ടപെട്ടിരുന്നു.

നാല് മത്സരങ്ങളിൽ നിന്നും 2 വിജയം നേടിയ അഫ്‌ഗാനിസ്ഥാന് അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ സെമിഫൈനലിൽ പ്രവേശിക്കാനുള്ള അവസരമുണ്ട്. നവംബർ ഏഴിനാണ് അഫ്‌ഗാനിസ്ഥാനും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടുന്നത്.

( Picture Source : ICC T20 WORLD CUP )