Skip to content

ഐ പി എൽ മാത്രം മതിയെന്നാണ് അവർ കരുതിയിരിക്കുന്നത്, ഇന്ത്യൻ താരങ്ങളെ വിമർശിച്ച് വസിം അക്രം

ഐസിസി ടി20 ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ താരങ്ങളെ വിമർശിച്ച് മുൻ പാക് താരം വസിം അക്രം. ഇന്ത്യൻ താരങ്ങൾക്ക് ഐ പി എൽ മാത്രം മതിയെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ അവർ ലാഘവത്തോടെയാണ് കാണുന്നതെന്നും വസിം അക്രം തുറന്നടിച്ചു. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ഇന്ത്യയ്ക്ക് ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമേ സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.

( Picture Source : Twitter / ICC T20 WORLD CUP )

ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് പരാജയപെട്ട ഇന്ത്യ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ 8 വിക്കറ്റിനാണ് പരാജയപെട്ടത്. പോയിന്റ് ടേബിളിൽ നമീബിയക്ക് പുറകിൽ നിലവിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. വമ്പൻ പ്രതീക്ഷകളുമായി എത്തി നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്. രണ്ട് മത്സരങ്ങളിൽ ടോസ് നഷ്ടപെട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

” ഈ വർഷം മാർച്ചിലാണ് എല്ലാ സീനിയർ താരങ്ങളെയും ഉൾപ്പെടുത്തികൊണ്ട് ഇന്ത്യ ലിമിറ്റഡ് ഓവർ സിരീസ് കളിച്ചത്. ഇപ്പോൾ നവംബറായി കഴിഞ്ഞു. അന്താരാഷ്ട്ര പരമ്പരകളെ അവർ ഗൗരവത്തോടെ കാണുന്നില്ലയെന്നതിന് ഇതിൽപരം തെളിവുകൾ ആവശ്യമില്ല. ഐ പി എൽ മാത്രം മതിയെന്നാണ് അവർ കരുതുന്നത്. ”

( Picture Source : Twitter / ICC T20 WORLD CUP )

” എത്രത്തോളം ലീഗ് ക്രിക്കറ്റ് വേണമെങ്കിലും നിങ്ങൾക്ക് കളിക്കാം. എന്നാൽ അവിടെ എതിർടീമിൽ ഒന്നോ രണ്ടോ മികച്ച ബൗളർമാരെ മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് മികച്ച ബൗളർമാരെയാണ് നിങ്ങൾ നേരിടേണ്ടിവരിക. ” വസിം അക്രം പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

അഫ്ഗാനിസ്ഥാൻ, നമീബിയ, സ്കോട്ലൻഡ് എന്നീ ടീമുകൾക്കെതിരെയാണ് ഇനി ഇന്ത്യയുടെ മത്സരങ്ങൾ. ഈ മത്സരങ്ങളിൽ വലിയ മാർജിനിൽ വിജയിക്കുകയും മറ്റു മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ കോഹ്ലിയ്ക്കും കൂട്ടർക്കും സെമിയിൽ പ്രവേശിക്കാം. നമീബിയയെ പരാജയപെടുത്തികൊണ്ട് പാകിസ്ഥാൻ ഇതിനോടകം സെമിഫൈനലിൽ പ്രവേശിച്ചുകഴിഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )