നമീബിയയുടെ ഡ്രസിങ് റൂമിലേക്ക് പാക് താരങ്ങളുടെ അപ്രതീക്ഷിത സന്ദർശനം ; പിന്നാലെ കണ്ടത് ആരാധകരുടെ മനം കവർന്ന കാഴ്ച്ച – വീഡിയോ

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലെ തങ്ങളുടെ തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പാകിസ്ഥാൻ ഇപ്പോഴിതാ കളിക്കളത്തിന് പുറത്തുള്ള പ്രവർത്തിയിലും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. നമീബിയയ്‌ക്കെതിരായ പോരാട്ടത്തിന് ശേഷം ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീം നമീബിയയുടെ ഡ്രസിങ് റൂം സന്ദർഷിച്ചതാണ് സംഭവം.

പോരാട്ടത്തിന് തൊട്ടുപിന്നാലെ നമീബിയൻ ഡ്രസ്സിംഗ് റൂമിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സംഘം അവരുടെ പ്രകടനത്തെ അഭിനന്ദിച്ചു. ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് ഹഫീസ്, ഹസൻ അലി, ഫഖർ സമാൻ, ഷദാബ് ഖാൻ എന്നിവർ നമീബിയൻ സംഘവുമായി ആഹ്ലാദങ്ങൾ കൈമാറുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ കാണാം.

ഇന്നലെ നടന്ന മത്സരത്തിൽ നമീബിയയെ 45 റണ്‍സിന് തകര്‍ത്ത് പാകിസ്ഥാൻ  സെമിയില്‍ കടന്നിരുന്നു. പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 190 റണ്‍സ് പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സിലേക്ക് എത്താനാണ് കഴിഞ്ഞത്.

50 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്‌. എട്ട് റണ്‍സ് ചേര്‍ക്കുന്നതിന് ഇടയില്‍ തന്നെ ചെയ്‌സ് ചെയ്ത് ഇറങ്ങിയ നമീബിയയുടെ ആദ്യ വിക്കറ്റ് വീണു. ഹസന്‍ അലിയാണ് മൈക്കല്‍ വാനിനെ പുറത്താക്കി നമീബിയയെ പ്രഹരിച്ചത്. എന്നാല്‍ 40 റണ്‍സ് നേടി ക്രെയ്ഗ് വില്യംസും 43 റണ്‍സ് നേടി ഡേവിഡ് വീസും നമീബിയയുടെ ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയി.

എന്നാല്‍ വിജയ ലക്ഷ്യത്തിലേക്ക് എത്താന്‍ പാകത്തില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ നമീബിയക്ക് കഴിഞ്ഞില്ല. ഇതോടെ നാലില്‍ നാലിലും ജയിച്ചാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനൊപ്പം സെമിയിലേക്ക് കടക്കുന്നത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ വെടിക്കെട്ട് ബാറ്റിങ് ആണ് പുറത്തെടുത്തത്.