‘എപ്പോഴും അവരെ തന്നെ ആശ്രയിക്കണമെന്നില്ല, വമ്പൻ താരങ്ങൾ മികച്ച പ്രകടനം നടത്തുന്നില്ലെങ്കിൽ യുവതാരങ്ങളെ കൊണ്ടുവരണം’ ; ഇന്ത്യയുടെ സീനിയർ താരങ്ങൾക്കെതിരെ കപിൽ ദേവിന്റെ ഒളിയമ്പ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വമ്പൻ താരങ്ങളെ ആശ്രയിക്കാതെ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനെക്കുറിച്ച് ബിസിസിഐ ചിന്തിക്കേണ്ട സമയമാണിതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ കപിൽ ദേവ് പറഞ്ഞു.  ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ തോൽവിക്ക് ശേഷമാണ് കപിൽ ദേവിന്റെ പ്രസ്താവന. ടി20 ലോകകപ്പിലെ തുടർച്ചയായ രണ്ടാം തോൽവിയായിരുന്നു ന്യൂസിലൻഡിനെതിരെ വഴങ്ങിയത്. ഇതോടെ സെമിഫൈനൽ പോലും കാണാതെ ഇപ്പോൾ പുറത്താകലിന്റെ വക്കിലാണ്.

ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വലിയ മർജിനിൽ ജയിക്കുകയും അഫ്ഗാനിസ്ഥാനോ സ്‌കോട്ട്‌ലൻഡോ നമീബിയയോ ന്യൂസിലൻഡിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ  ഇന്ത്യക്ക് യോഗ്യത നേടാനുള്ള നേരിയ  അവസരമുണ്ട്.  വിജയിക്കാൻ മറ്റ് ടീമുകളെ ആശ്രയിക്കുക എന്നത് ഇന്ത്യൻ ടീമിന് ചേർന്നതല്ലെന്ന് കപിൽ അഭിപ്രായപ്പെട്ടു. കൂടാതെ സ്ഥാപിത കളിക്കാർക്ക് സ്വയം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ, അടുത്ത തലമുറയ്ക്ക് വഴി മാറി കൊടുക്കാനുള്ള  സമയമാണിതെന്ന് ചൂണ്ടിക്കാട്ടി.

“മറ്റു ചില ടീമുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ വിജയിക്കുക നമുക്ക് ചേർന്നതല്ല. ഇന്ത്യൻ ക്രിക്കറ്റ് ഒരിക്കലും അതിനെ അഭിനന്ദിച്ചിട്ടില്ല. നിങ്ങൾക്ക് ലോകകപ്പ് ജയിക്കാനോ സെമിയിലെത്താനോ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സ്വന്തം ശക്തിയിൽ അത് ചെയ്യുക. മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. വമ്പൻ താരങ്ങളുടെയും വലിയ കളിക്കാരുടെയും ഭാവി സെലക്ടർമാർക്ക് തീരുമാനിക്കേണ്ടിവരുമെന്ന് ഞാൻ ഊഹിക്കുന്നു,” കപിൽ എബിപി ന്യൂസിനോട് പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം.  ബയോ ബബിൾസ്, ടീം സെലക്ഷൻ എന്നിവ പ്രധാന കാരണങ്ങളിൽപ്പെടും. ഐ‌പി‌എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചവരും താരതമ്യേന പുതുമയുള്ളവരുമായ ധാരാളം കളിക്കാർ ഉണ്ട്. അടുത്ത യുഗത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കാൻ അവരെ പരിഗണിക്കാമെന്നും കപിൽ ദേവ് പറഞ്ഞു.

“ഐ‌പി‌എല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവാക്കൾക്ക് അവസരം നൽകേണ്ട സമയമാണോ? അടുത്ത തലമുറയെ എങ്ങനെ മികച്ചതാക്കും? തോറ്റാൽ അവർക്ക് ഒരു ദോഷവുമില്ല, കാരണം അവർക്ക് അനുഭവം ലഭിക്കും.  ഈ വമ്പൻ കളിക്കാർ ഇപ്പോൾ മോശം ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, അതിനാൽ തന്നെ വിമർശനങ്ങൾ ധാരാളം ഉണ്ടാകും. കൂടുതൽ യുവാക്കളെ കൊണ്ടുവരുന്നതിനെക്കുറിച്ച് ബിസിസിഐ ഇടപെട്ട് ചിന്തിക്കേണ്ടതുണ്ട്. വമ്പൻ താരങ്ങളെ ആശ്രയിക്കേണ്ടതില്ല ” ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജേതാവ് കൂട്ടിച്ചേർത്തു.