Skip to content

ആ ചർച്ചയിൽ അവനും ഭാഗമായിരുന്നു, ഇഷാൻ കിഷൻ ഓപൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷൻ ഓപ്പൺ ചെയ്‌തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. മത്സരത്തിലെ പരാജയത്തിന് പുറകെ ഗൗതം ഗംഭീറും സുനിൽ ഗാവസ്‌കറും അടക്കമുള്ള മുൻ താരങ്ങൾ ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

ഓപ്പണിങ് ഇറങ്ങിയ ഇഷാൻ കിഷന് 4 റൺ മാത്രമാണ് നേടുവാൻ സാധിച്ചത്. മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് പരാജയപെടുകയും ചെയ്തിരുന്നു. ഓപ്പണിങിൽ നിന്നും മാറി മൂന്നാം നമ്പറിൽ ബാറ്റിങിനിറങ്ങിയ രോഹിത് ശർമ്മയാകട്ടെ 14 പന്തിൽ 14 റൺസ് നേടി പുറത്താവുകയും ചെയ്തു. നിശ്ചിത 20 ഓവറിൽ 110 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് നേടുവാൻ സാധിച്ചത്. ഐസിസി ടി20 ലോലകപ്പിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ കൂടിയാണിത്.

( Picture Source : Twitter / ICC T20 WORLD CUP )

” മത്സരത്തിന് മുൻപത്തെ രാത്രിയിൽ സൂര്യകുമാർ യാദവിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ പ്ലേയിങ് ഇലവനിൽ അവനെ ഉൾപ്പെടുത്താൻ സാധിച്ചില്ല. പിന്നീടുള്ള ചോയ്സ് തീർച്ചയായും ഇഷാൻ കിഷനാണ്. ഐ പി എല്ലിലും ഇന്ത്യൻ ടീമിലും ഓപ്പണറായി മികച്ച പ്രകടനമാണ് ഇഷാൻ കിഷൻ കാഴ്ച്ചവെച്ചിട്ടുള്ളത്. ”

( Picture Source : Twitter / ICC T20 WORLD CUP )

” ആരാണ് ആ തീരുമാമെടുത്തത്, ടീം മാനേജ്‌മെന്റ് മൊത്തം ഒത്തുകൂടി ചർച്ചചെയ്‌തുകൊണ്ടാണ് ആ തീരുമാനമെടുത്തത്. ആ ചർച്ചയിൽ തീർച്ചയായും രോഹിത് ശർമ്മയും ഭാഗമായിരുന്നു. ഒരു ഇടം കയ്യൻ ബാറ്റ്സ്‌മാനെ ഓപ്പണറായി ഇറക്കിയത് തന്ത്രപരമായി അതൊരു ശരിയായ തീരുമാനമാണ്. മധ്യനിരയിൽ റിഷഭ് പന്തും, രവീന്ദ്ര ജഡേജയുമുണ്ട്, അതുകൊണ്ട് തന്നെ ഇഷാൻ കിഷനെ മധ്യനിരയിലിറക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. സാങ്കേതികമായി അതായിരുന്നു ശരിയായ തീരുമാനം, അവൻ ഓപ്പണറായി നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്, അതുകൊണ്ടാണ് ആ തീരുമാനമെടുത്തത്. ” വിക്രം റാത്തോർ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

മുൻ താരങ്ങളും ആരാധകരും ഇന്ത്യയുടെ തീരുമാനത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. രോഹിത് ശർമ്മയെ പോലെയൊരു ബാറ്ററിൽ നിന്നും കിട്ടാൻ സാധിക്കാത്തത് ഒരിക്കലും ഇഷാൻ കിഷനിൽ നിന്നും പ്രതീക്ഷിക്കരുതെന്ന് ഗംഭീർ അഭിപ്രായപെട്ടപ്പോൾ ഇന്ത്യയുടെ തീരുമാനം രോഹിത് ശർമ്മയുടെ ആത്മവിശ്വാസത്തിൽ കുറവുണ്ടാക്കുമെന്നായിരുന്നു സുനിൽ ഗവാസ്‌കറുടെ അഭിപ്രായം.

( Picture Source : Twitter / ICC T20 WORLD CUP )