Skip to content

ഗാബ ഇനി നിങ്ങളുടെ വിജയക്കോട്ടയല്ല, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ആഷസ് പരമ്പരയ്ക്ക് ഇനി ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയക്ക് മുന്നറിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഗാബ്ബ ഇനി ഓസ്‌ട്രേലിയയുടെ വിജയക്കോട്ടയല്ലയെന്നും കഴിഞ്ഞ പരമ്പരയിലെ ഇന്ത്യയുടെ ചരിത്രവിജയം ഞങ്ങൾക്കും ആത്മവിശ്വാസം നൽകിയെന്നും ജോ റൂട്ട് പറഞ്ഞു.

( Picture Source : Twitter )

നീണ്ട 32 വർഷത്തെ ഗാബയിലെ ഓസ്‌ട്രേലിയയുടെ ആധിപത്യമാണ് ഇന്ത്യ കഴിഞ്ഞ പരമ്പരയിൽ തകർത്തത്. റിഷഭ് പന്തിന്റെയും ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിങ് മികവിലും മൊഹമ്മദ് സിറാജിന്റെയും ഷാർദുൽ താക്കൂറിന്റെയും ബൗളിങ് മികവിലാണ് ഓസ്‌ട്രേലിയയുടെ വിജയകോട്ട ഇന്ത്യ തകർത്തത്. മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

( Picture Source : Twitter )

” ഗാബയിൽ വിജയം നേടിയ ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവൻ നോക്കൂ. അവരുടെ ടീമിൽ പ്രധാന താരങ്ങൾ ആരും തന്നെയുണ്ടായിരുന്നില്ല, എന്നാൽ യാതൊരു ഭയവും അവർക്കുണ്ടായില്ല. അവർ ഓസ്‌ട്രേലിയക്കെതിരെ നേർക്കുനേർ നിൽക്കുകയും ആ ടെസ്റ്റിലെ നിർണായക ഘട്ടങ്ങളിൽ വിജയിക്കുകയും ചെയ്തു. ”

” ഇന്ത്യയുടെ ആ വിജയം വലിയ കോൺഫിഡൻസാണ് ഞങ്ങളുടെ ടീമിലെ ഓരോ താരങ്ങൾക്കും നൽകുന്നത്. കൂടാതെ ഗാബയിൽ തിരിച്ചെത്തി ആദ്യം ഞങ്ങളെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് അതൊരു ആശങ്കയുമായിരിക്കും. ദീർഘകാലം ഗാബ അവരുടെ ശക്തികേന്ദ്രമായിരുന്നു, എന്നാൽ ഇനിയത് അങ്ങനെയല്ലെന്ന് ഞങ്ങൾക്കറിയാം. ” ജോ റൂട്ട് പറഞ്ഞു.

( Picture Source : Twitter )

1986 ലാണ് ഗാബയിൽ ഇംഗ്ലണ്ട് അവസാനമായി ടെസ്റ്റ് മത്സരം വിജയിച്ചത്. 2017 ൽ നടന്ന ആഷസ് പരമ്പരയിൽ ഗാബയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് ഓസ്ട്രേലിയ പരാജയപെടുത്തിയിരുന്നു. സെഞ്ചുറി സ്റ്റീവ് സ്മിത്തായിരുന്നു അന്ന് മാൻ ഓഫ് ദി മാച്ച് കരസ്ഥമാക്കിയത്. ഇക്കുറി ആഷസ് പരമ്പരയ്ക്കായി വലിയ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് എത്തുന്നത്. തകർപ്പൻ ഫോമിലുള്ള ക്യാപ്റ്റൻ ജോ റൂട്ടിനൊപ്പം ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ട് നിരയുടെ ശക്തിവർധിപ്പിക്കും. ഡിസംബർ എട്ടിന് ഗാബയിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

( Picture Source : Twitter )