Skip to content

ഇനി തലപ്പത്ത് ഓയിൻ മോർഗൻ, പിന്നിലാക്കിയത് എം എസ് ധോണിയെയും അസ്‌ഘർ അഫ്‌ഗാനെയും

ഐസിസി ടി20 ലോകകപ്പ് 2021 ലെ ശ്രീലങ്കയ്ക്കെതിരായ വിജയത്തിന് പുറകെ ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെയും മുൻ അഫ്‌ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഘർ അഫ്‌ഗാനെയും പിന്നിലാക്കിയാണ് ഈ ചരിത്രനേട്ടം ഓയിൻ മോർഗൻ കുറിച്ചത്.

( Picture Source : Twitter / ICC T20 WORLD CUP )

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെ മികവിലാണ് ഇംഗ്ലണ്ട് 26 റൺസിന് വിജയിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 67 പന്തിൽ 6 ഫോറും 6 സിക്സുമടക്കം പുറത്താകാതെ 101 റൺസ് ജോസ് ബട്ട്ലർ നേടിയിരുന്നു. ബട്ട്ലർക്കൊപ്പം 40 റൺസ് നേടിയ ഓയിൻ മോർഗനും മികവ് പുലർത്തി.

ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് ഓയിൻ മോർഗൻ സ്വന്തമാക്കി. ഓയിൻ മോർഗന്റെ കീഴിൽ ടി20യിൽ ഇംഗ്ലണ്ട് നേടുന്ന 43 ആം വിജയമാണിത്.

( Picture Source : Twitter / ICC T20 WORLD CUP )

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി, മുൻ അഫ്‌ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്‌ഘർ അഫ്‌ഗാൻ എന്നിവരെയാണ് ഈ നേട്ടത്തിൽ മോർഗൻ പിന്നിലാക്കിയത്. എം എസ് ധോണി നയിച്ച 72 മത്സരങ്ങളിൽ 42 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചപ്പോൾ ഈ ലോകകപ്പിലെ നമീബിയക്കെതിരായ മത്സരത്തോടെ വിരമിച്ച അസ്‌ഘർ അഫ്‌ഗാൻ അഫ്‌ഗാനിസ്ഥാനെ നയിച്ച 52 ൽ 42 മത്സരങ്ങളിലും വിജയത്തിലെത്തിച്ചു. 29 മത്സരങ്ങൾ വിജയിച്ചിട്ടുള്ള മുൻ പാക് നായകൻ സർഫറാസ്‌ അഹമ്മദ്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരാണ് ഈ നേട്ടത്തിൽ മോർഗനും ധോണിയ്ക്കും അഫ്‌ഗാനും പുറകിലുള്ളത്.

( Picture Source : Twitter / ICC T20 WORLD CUP )

ഈ ലോകകപ്പിലെ തുടർച്ചയായ നാലാം വിജയമാണ് ഷാർജയിൽ ഇംഗ്ലണ്ട് കുറിച്ചത്. നവംബർ ആറിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

( Picture Source : Twitter / ICC T20 WORLD CUP )