Skip to content

ഞാൻ അവന്റെ വലിയ ആരാധകനാണ്, അവനെ എല്ലാ മത്സരത്തിലും ഇന്ത്യ കളിപ്പിക്കണം, ബ്രെറ്റ് ലീ

ഐസിസി ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ രവിചന്ദ്രൻ അശ്വിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ. താൻ രവിചന്ദ്രൻ അശ്വിന്റെ വലിയ ആരാധകനാണെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു. സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തുവെങ്കിലും ആദ്യ മത്സരത്തിൽ രവിചന്ദ്രൻ അശ്വിന് ഇന്ത്യ അവസരം നൽകിയിരുന്നു. രവീന്ദ്ര ജഡേജയ്ക്കൊപ്പം വരുൺ ചക്രവർത്തിയെയാണ് ഇന്ത്യ സ്പിന്നറായി ടീമിൽ ഉൾപ്പെടുത്തിയത്.

എന്നാൽ പാകിസ്ഥാനെതിരായ മത്സരത്തിൽ മികവ് പുറത്തെടുക്കാൻ വരുൺ ചക്രവർത്തിയ്ക്കോ മറ്റു ഇന്ത്യൻ ബൗളർമാർക്കോ സാധിച്ചില്ല. മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപെട്ടത്. സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ രണ്ടോവറിൽ 8 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ അശ്വിന്റെ നേടിയിരുന്നു. ഐ പി എല്ലിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ മികച്ച പ്രകടനമാണ് ഡൽഹിയ്ക്ക് വേണ്ടി അശ്വിൻ കാഴ്‌ച്ചവെച്ചത്. 2019 ൽ 15 വിക്കറ്റും 2020 ൽ 13 വിക്കറ്റും നേടിയ അശ്വിൻ ഈ സീസണിൽ 7 വിക്കറ്റും നേടിയിരുന്നു.

” രവിചന്ദ്രൻ അശ്വിനെ കുറിച്ച് പറയുകയാണെങ്കിൽ ഒന്നാമതായി അവൻ മികച്ച ക്രിക്കറ്ററാണ്. ഞാൻ അവന്റെ വലിയ ആരാധകനാണ്. ടീമിന് വേണ്ടി ഒരുപാട് സംഭാവനകൾ ചെയ്യാൻ അവന് സാധിക്കും. വളരെയധികം എക്സ്പീരിയൻസ് അവനുണ്ട്, കൂടാതെ അശ്വിൻ മികച്ച ലീഡർ കൂടിയാണ്. ലോകകപ്പിൽ തീർച്ചയായും അവനെ എല്ലാ മത്സരത്തിലും കളിപ്പിക്കണം. ”

( Picture Source : Twitter / BCCI )

“എന്നാൽ ടീം മാനേജ്‌മെന്റ് അവനെ കളിപ്പിക്കണ്ടയെന്ന തീരുമാനത്തിലാണ്. വരും മത്സരങ്ങളിൽ അവനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണോയെന്ന് തീരുമാനിക്കേണ്ടത് കോഹ്ലിയും സെലക്ടർമാരുമാണ്. ” ബ്രെറ്റ് ലീ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 46 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള അശ്വിൻ 52 വിക്കറ്റുകൾ ടീമിനായി നേടിയിട്ടുണ്ട്. 2017 ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു അശ്വിന്റെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ നാല് ടെസ്റ്റിലും രവിചന്ദ്രൻ അശ്വിന് ഇന്ത്യ അവസരം നൽകിയിരുന്നില്ല. അശ്വിനെ ഒഴിവാക്കിയതിനെതിരെ സുനിൽ ഗാവസ്‌കർ അടക്കമുള്ള മുൻ താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

( Picture Source : Twitter / BCCI )