Skip to content

ഐസിസി ടി20 ലോകകപ്പ്, സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ

ഐസിസി ടി20 ലോകകപ്പ് 2021 ലെ സെമിഫൈനലിൽ പ്രവേശിക്കാൻ പോകുന്ന ടീമുകളെ പ്രവചിച്ച് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. സെമിഫൈനലിസ്റ്റുകൾക്കൊപ്പം ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിലാകുമെന്നും ഷെയ്ൻ വോൺ പ്രവചിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ പോരാട്ടം കടുക്കുമ്പോൾ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ടും പാകിസ്ഥാനും ഏറെക്കുറെ സെമിഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

ഇംഗ്ലണ്ട് ആദ്യ മൂന്ന് മത്സരങ്ങളിൽ വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകളെ പരാജയപെടുത്തിയപ്പോൾ പാകിസ്ഥാൻ ആദ്യ രണ്ട് മത്സരങ്ങളിൽ ശക്തരായ ഇന്ത്യയെയും ന്യൂസിലാൻഡിനെയും മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെയും പരാജയപെടുത്തി.

ഇംഗ്ലണ്ടിനും പാകിസ്ഥാനുമൊപ്പം ഓസ്‌ട്രേലിയയും ഇന്ത്യയുമായിരിക്കും സെമിഫൈനലിൽ പ്രവേശിക്കുകയെന്നും ഫൈനൽ പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിലോ, ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലോ ആയിരിക്കുമെന്നും ഷെയ്ൻ വോൺ ട്വിറ്ററിൽ കുറിച്ചു.

( Picture Source : Twitter / ICC T20 WORLD CUP )

ഇംഗ്ലണ്ടും പാകിസ്ഥാനും സെമിഫൈനൽ ഉറപ്പിച്ചുവെങ്കിലും ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും സെമിഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ കടമ്പകൾ ഏറെകടക്കണം. ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ചുവെങ്കിലും മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റുവാങ്ങിയ കനത്ത പരാജയം ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. സൗത്താഫ്രിക്ക ആദ്യ മത്സരത്തിൽ പരാജയപെട്ട ശേഷം അടുത്ത രണ്ടിലും വിജയിച്ച് തിരിച്ചെത്തുകയും ചെയ്തത് ഓസ്‌ട്രേലിയക്ക് വെല്ലുവിളിയാണ്.

ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കുകയും സൗത്താഫ്രിക്ക ഇംഗ്ലണ്ടിനോട് പരാജയപെടുകയും ചെയ്താൽ മാത്രമേ ഓസ്‌ട്രേലിയക്ക് സെമിയിൽ പ്രവേശിക്കാൻ സാധിക്കൂ. ബംഗ്ലാദേശും വെസ്റ്റിൻഡീസുമാണ് ഇനിയുള്ള മത്സരങ്ങളിൽ ഓസ്ട്രേലിയയുടെ എതിരാളികൾ.

( Picture Source : Twitter / ICC T20 WORLD CUP )

മറുഭാഗത്ത് ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് പരാജയപെട്ട ഇന്ത്യയ്ക്ക് ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വിജയം അനിവാര്യമാണ്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വിജയം നേടിയാൽ പിന്നീടുള്ള ഇന്ത്യയുടെ യാത്ര എളുപ്പമാകും. അഫ്‌ഗാനിസ്ഥാൻ ഒഴിച്ചുനിർത്തിയാൽ ദുർബലരായ സ്കോട്ലൻഡും നമീബിയയുമാണ് ഇന്ത്യയ്ക്ക് മത്സരങ്ങളുള്ളത്.

( Picture Source : Twitter / ICC T20 WORLD CUP )

ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെയും ന്യൂസിലാൻഡിനെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 2 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടിലും വിജയം ന്യൂസിലാൻഡിനൊപ്പമായിരുന്നു. എന്നാൽ ടി20 ക്രിക്കറ്റിൽ അവസാനം ഏറ്റുമുട്ടി അഞ്ചിൽ അഞ്ചിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )