അവൻ ടീമിൽ തുടരാൻ അർഹനല്ല, ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയെ വിമർശിച്ച് ഷെയ്ൻ വോൺ

ഇംഗ്ലണ്ടിനെതിരായ കനത്ത തോൽവിയ്ക്ക് പുറകെ ഓസ്‌ട്രേലിയൻ ടീമിനെയും താരങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ താരം ഷെയ്ൻ വോൺ. ദുബായിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപെട്ടത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെ വെറും 2 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

മിച്ചൽ മാർഷിനെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തെ വിമർശിച്ച ഷെയ്ൻ വോൺ സ്റ്റീവ് സ്മിത്ത് ടി20 ടീമിൽ തുടരാൻ അർഹനല്ലയെന്നും തുറന്നടിച്ചു. മത്സരത്തിൽ 32 പന്തിൽ പുറത്താകാതെ 5 ഫോറും 5 സിക്സുമടക്കം 71 റൺസ് നേടിയ ജോസ് ബട്ട്റാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.

” ഓസ്‌ട്രേലിയയുടെ ഭാഗത്തുനിന്നും നിരാശപ്പെടുത്തുന്ന സെലക്ഷനാണ് ഉണ്ടായത്. മാർഷിനെ ഒഴിവാക്കി, മാക്‌സ്‌വെല്ലിനെ പവർപ്ലേയിൽ ഇറക്കി അവൻ എല്ലായ്പ്പോഴും പവർപ്ലേയ്ക്ക് ശേഷമാണ് ക്രീസിൽ എത്തേണ്ടത്, വളരെ മോശം പദ്ധതികളും തന്ത്രങ്ങളുമായിരുന്നു ഓസ്‌ട്രേലിയയുടേത്. എനിക്ക് സ്റ്റീവ് സ്മിത്തിനെ ഇഷ്ടമാണ്. എന്നാൽ അവൻ ടി20 ടീമിൽ തുടരാൻ അർഹനല്ല. ” ഷെയ്ൻ വോൺ ട്വിറ്ററിൽ കുറിച്ചു.

( Picture Source : Twitter / ICC T20 WORLD CUP )

” ഇതാണ് ശരിയായ ടി20 ക്രിക്കറ്റ്. ഈ തോൽവിയ്ക്ക് ശേഷം എങ്ങനെയാണ് ടി20 ക്രിക്കറ്റ് കളിക്കേണ്ടതെന്ന് ഓസ്‌ട്രേലിയ പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എങ്ങനെയാണ് ടി20 കളിക്കേണ്ടതെന്ന് പാകിസ്ഥാനും ഇംഗ്ലണ്ടും കാണിച്ചുതന്നു. ഓസ്‌ട്രേലിയ അവരുടെ ടീമും കളിക്കുന്ന ശൈലിയും മാറ്റുമെന്ന് കരുതുന്നു. ” ഷെയ്ൻ വോൺ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിലെ കനത്ത പരാജയത്തോടെ പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയ സൗത്താഫ്രിക്കയ്ക്ക് പുറകിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപെട്ടു. നവംബർ നാലിന് ബംഗ്ലാദേശിനെതിരെയും നവംബർ ആറിന് വെസ്റ്റിൻഡീസിനെതിരെയുമാണ് ഇനി ഓസ്‌ട്രേലിയയുടെ മത്സരങ്ങൾ. ഈ മത്സരങ്ങളിൽ വിജയിക്കുകയും സൗത്താഫ്രിക്ക ഏതെങ്കിലുമൊരു മത്സരത്തിൽ പരാജയപെട്ടാൽ മാത്രമേ സെമിഫൈനലിൽ പ്രവേശിക്കാൻ ഓസ്‌ട്രേലിയക്ക് സാധിക്കൂ.

( Picture Source : Twitter / ICC T20 WORLD CUP )