Skip to content

‘അങ്ങനെ ചെയ്യാൻ നോക്കിയാൽ ഞങ്ങളും തിരിച്ചടിക്കും’ : ബോൾട്ടിന് മുന്നറിയിപ്പ് നൽകി കോഹ്ലി

ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യ നാളെ ഇറങ്ങും. തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.  ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം നേടാന്‍ ന്യൂസിലാന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഐസിസി ടൂര്‍ണമെന്റില്‍ 2003ന് ശേഷം ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഇന്ത്യയെ അവസാനമായി ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചത്. 

അതേസമയം നാളത്തെ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ന്യൂസിലാൻഡ് ബൗളർ ട്രെന്റ് ബോൾട്ടിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഷഹീൻ അഫ്രീദി ഇന്ത്യയ്ക്കെതിരെ ചെയ്തത് അനുകരിക്കുമെന്ന് കഴിഞ്ഞ ദിവസം ബോൾട്ട് വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് കോഹ്ലി രംഗത്തെത്തിയത്.

“വരാനുള്ള മത്സരത്തിൽ ഗുണനിലവാരമുള്ള  ബൗളർമാർക്കെതിരെ ഞങ്ങൾ തീർച്ചയായും മികച്ച ബാറ്റിങ് പുറത്തെടുക്കും, ഈ ടൂർണമെന്റിന്റെ തീവ്രത വളരെ വ്യത്യസ്തമാണ്.   നമുക്കെതിരെ ഷഹീൻ അഫ്രീദി ചെയ്തത് ആവർത്തിക്കുമെന്ന് ട്രെന്റ് ബോൾട്ട് പറഞ്ഞിട്ടുണ്ടെങ്കിൽ അവനിൽ സമ്മർദ്ദം ചെലുത്താനും അതിനെ ചെറുക്കാനും ഞങ്ങൾ പ്രചോദിതരായിട്ടുണ്ട്. അവർക്കെതിരെ കളിച്ച പരിചയ സമ്പത്ത് ഞങ്ങൾക്കുണ്ട്. ” കോഹ്ലി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഓപ്പണർമാരെ ക്രീസിൽ നിലയുറപ്പിക്കും മുമ്പേ പാകിസ്ഥാന്റെ ഇടം കയ്യൻ പേസ് ബൗളർ ഷഹീൻ അഫ്രീദി പുറത്താക്കിയിരുന്നു. രോഹിത് എൽബിഡബ്ല്യൂവിലൂടെ പൂജ്യത്തിൽ മടങ്ങിയപ്പോൾ, രാഹുലിനെ ഇൻ സ്വിങ്ങറിലൂടെ ബൗൾഡ് ആക്കുകയായിരുന്നു. ബോൾട്ടിന്റെ ബൗളിങ് രീതിയും സമാനമായതിനാൽ തന്നെ ഈ തന്ത്രം തന്നെയാകും ബോൾട്ട് പയറ്റുക. ഇക്കാര്യം ബോൾട്ട് തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

“എനിക്ക്  എപ്പോൾ പന്ത് ലഭിക്കും എന്നതിനെ  ആശ്രയിച്ചിരിക്കും അത്, ഏതൊക്കെ ബൗളർമാർ ഏത് ഓവറിലാണ് പന്തെറിയുന്നതെന്ന് എനിക്ക് ഉറപ്പില്ല.  ഇന്ത്യയ്‌ക്കെതിരെ ഷഹീൻ ബൗൾ ചെയ്‌ത രീതി അതിശയിപ്പിക്കുന്നതായിരുന്നു, പക്ഷേ ഇന്ത്യക്ക് ഗുണനിലവാരമുള്ള ബാറ്റർമാരുണ്ട്, നേരത്തെയുള്ള വിക്കറ്റുകളാണ് ഞങ്ങളുടെ ശ്രദ്ധാകേന്ദ്രം, ബൗളിങ്ങിലെ കൃത്യതയും ലെങ്തിലുമാണ് കാര്യം. സ്വിങ് ലഭിച്ചാൽ,  ഷഹീൻ ചെയ്തതിന്റെ ചെയ്തത് എനിക്ക് പ്രതിഫലിപ്പിക്കാൻ കഴിയും ” ബോൾട്ട് ഒരു മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.