Skip to content

ഇന്ത്യ അവനെ കൂടുതലായി ആശ്രയിക്കുന്നു, കോഹ്ലിയും കൂട്ടരും അക്കാര്യത്തിൽ ശ്രദ്ധിക്കണം, നിർദ്ദേശവുമായി മുത്തയ്യ മുരളീധരൻ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യ ബൗളിങിൽ കൂടുതലായും ഒരു ബൗളറെ മാത്രമാണ് ആശ്രയിക്കുന്നുതെന്നും അധികം വൈകാതെ ശരിയായ ടീം ബാലൻസ് ഇന്ത്യ കണ്ടുപിടിക്കണമെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് പോലും നേടുവാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചിരുന്നില്ല. ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ എന്നിവരടക്കം മൂന്ന് പേസർമാരുമായാണ് ഇന്ത്യ ആദ്യ മത്സരത്തിനായിനെത്തിയത്

ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ഇന്ത്യ മാറ്റങ്ങൾക്ക് മുതിർന്നേക്കില്ല. പാകിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഫിറ്റ്നസ് വീണ്ടെടുത്തുവെന്ന് മത്സരത്തിന് മുൻപായി നടന്ന പ്രസ് കോൺഫ്രൻസിൽ വിരാട് കോഹ്ലി പറഞ്ഞിരുന്നു. നെറ്റ്സിൽ ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

” ബൗളിങിന്റെ കാര്യത്തിൽ എന്നെ ആശങ്കപെടുത്തുന്ന ടീം ഇന്ത്യയാണ്. ജസ്പ്രീത് ബുംറ ഒരു മാച്ച് വിന്നറാണ്, ഇന്ത്യ ബൗളിങിൽ അവനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഒരു ലെഗ് സ്പിന്നറെ അവർ ടീമിൽ ഉൾപ്പെടുത്തണം, അല്ലെങ്കിൽ രവിചന്ദ്രൻ അശ്വിനെ കളിപ്പിക്കണം. അങ്ങനെയെങ്കിൽ ഫാസ്റ്റ് ബൗളർമാരുടെ എണ്ണം രണ്ടിലേക്ക് ചുരുക്കേണ്ടി വരും, ഒപ്പം ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്യുകയും വേണം. ”

” ശരിയായ ടീം ബാലൻസ് അവർ കണ്ടെത്തേണ്ടതുണ്ട്, എങ്കിൽ മാത്രമേ ബുംറയെ അമിതമായി ആശ്രയിക്കാതിരിക്കാൻ അവർക്ക് സാധിക്കൂ. ” മുത്തയ്യ മുരളീധരൻ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

” ഇപ്പോൾ മികച്ച പൊസിഷനിലുള്ള ടീം പാകിസ്ഥാനാണ്. ഗ്രൂപ്പിലെ ശക്തരായ ഇന്ത്യയെയും ന്യൂസിലാൻഡിനെയും അവർ പരാജയപെടുത്തി. മികച്ച കഴിവ്‌ അവർക്കുണ്ട്. എന്നാൽ വെസ്റ്റിൻഡീസിനെ പോലെ ചില ദിവസങ്ങളിൽ വളരെ മോശം പ്രകടനം അവരിൽ നിന്നും പ്രതീക്ഷിക്കാം. ബാറ്റിങിൽ മാത്യൂ ഹെയ്ഡന്റെ ഉപദേശം അവർക്ക് ലഭിക്കുന്നുണ്ട്. കളിക്കുന്ന കാലം മുതൽക്കേ അവൻ മത്സരത്തെ നന്നായി മനസ്സിലാക്കുന്ന താരമാണ്. അവരുടെ ഇപ്പോഴത്തെ മികച്ച പ്രകടനത്തിൽ അതൊരു വലിയ ഘടകമാണ്. ” മുത്തയ്യ മുരളീധരൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter / ICC T20 WORLD CUP )

നാളെ നടക്കുന്ന മത്സരം ഇന്ത്യയ്ക്കും ന്യൂസിലാൻഡിനും ഒരുപോലെ നിർണായകമാണ്. ആദ്യ മത്സരങ്ങളിൽ പാകിസ്ഥാനോട് പരാജയപെട്ടുകൊണ്ടാണ് ഇരുടീമുകളും ദുബായിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്. മത്സരത്തിൽ പരാജയപെട്ടാൽ ഇരുടീമുകളുടെയും സെമിഫൈനൽ മോഹങ്ങൾക്ക് തിരിച്ചടിയാകും.

( Picture Source : Twitter / ICC T20 WORLD CUP )