Skip to content

കോഹ്ലി നേടുന്ന റെക്കോർഡെല്ലാം അവൻ തകർത്തുകൊണ്ടിരിക്കുന്നു, ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിരാട് കോഹ്ലി നേടുന്ന ഏതൊരു റെക്കോർഡും ബാബർ അസം തകർത്തുകൊണ്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയും അഫ്‌ഗാനിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയ ബാബർ അസം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

( Picture Source : Twitter / ICC T20 WORLD CUP )

അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡ് ബാബർ അസം സ്വന്തമാക്കിയിരുന്നു. വെറും 26 ഇന്നിങ്സിൽ നിന്നാണ് ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് ബാബർ അസം പൂർത്തിയാക്കിയത്. 30 ഇന്നിങ്സിൽ നിന്നും 1000 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തള്ളികൊണ്ടാണ് ബാബർ അസം ഈ റെക്കോർഡ് സ്വന്തമാക്കിയത്.

( Picture Source : Twitter / ICC T20 WORLD CUP )

ഈ വർഷം തുടക്കത്തിൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡും ബാബർ അസം സ്വന്തമാക്കിയിരുന്നു. 52 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പൂർത്തിയാക്കിയ ബാബർ 56 ഇന്നിങ്സിൽ 2000 റൺസ് നേടിയ കോഹ്ലിയുടെ റെക്കോർഡ് തന്നെയാണ് തകർത്തത്.

( Picture Source : Twitter / ICC T20 WORLD CUP )

” അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ക്യാപ്റ്റനായി ബാബർ അസം മാറിയിരുന്നു. ഈ റെക്കോർഡ് നേരത്തെ വിരാട് കോഹ്ലിയുടെ പേരിലായിരുന്നു. അവൻ കോഹ്ലിയെ പിന്തുടർന്ന് കൊണ്ടിരിക്കുകയാണ്. കോഹ്ലി ഏതൊരു റെക്കോർഡ് നേടിയാലും ബാബർ അസം പുറകിൽ നിന്നെത്തി അത് തകർത്തുകൊണ്ടിരിക്കുന്നു. അവൻ സമർത്ഥനാണ്. ” ആകാശ് ചോപ്ര പറഞ്ഞു.

അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ 47 പന്തിൽ 51 റൺസ് നേടിയാണ് ബാബർ അസം പുറത്തായത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ 52 പന്തിൽ പുറത്താകാതെ 68 റൺസും ബാബർ അസം നേടിയിരുന്നു. ഐസിസി റാങ്കിങിൽ വിരാട് കോഹ്ലിയ്ക്കൊപ്പം മൂന്ന് ഫോർമാറ്റിലും ആദ്യ പത്തിലുള്ള ഒരേയൊരു ബാറ്റർ കൂടിയാണ് ബാബർ അസം. ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തും ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തുമുള്ള ബാബർ ടെസ്റ്റ് റാങ്കിങിൽ വിരാട് കോഹ്ലിയ്ക്ക് പുറകിൽ ഏഴാം സ്ഥാനത്താണുള്ളത്.

( Picture Source : Twitter / ICC T20 WORLD CUP )