വീണ്ടും രക്ഷകനായി ആസിഫ് അലി, അഫ്ഘാനിസ്ഥാനെതിരെ പാകിസ്ഥാന് ആവേശവിജയം
ആവേശപോരാട്ടത്തിൽ അഫ്ഘാനിസ്ഥാനെ 5 വിക്കറ്റിന് പരാജയപെടുത്തി പാകിസ്ഥാൻ. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച ആസിഫ് അലിയുടെയും മികവിലാണ് പാകിസ്ഥാൻ വിജയം നേടിയത്.

ക്യാപ്റ്റൻ ബാബർ അസം 47 പന്തിൽ 51 റൺസ് നേടി പുറത്തായപ്പോൾ ആസിഫ് അലി 7 പന്തിൽ 25 റൺസ് നേടി പുറത്താകാതെ നിന്നു. അവസാന രണ്ടോവറിൽ 24 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ എറിയാനെത്തിയ കരിം ജനതിനെതിരെ നാല് സിക്സ് പറത്തിയാണ് ആസിഫ് അലി പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്.
അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാൻ നാലോവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റും മുജീബ് റഹ്മാൻ നാലോവറിൽ 14 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാൻ 32 പന്തിൽ 35 റൺസ് നേടിയ ക്യാപ്റ്റൻ മൊഹമ്മദ് നബി, 25 പാംത്തിൽ6 34 റൺസ് നേടിയ ഗുൽബാദിൻ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. പാകിസ്ഥാന് വേണ്ടി ഇമാദ് വാസിം രണ്ട് വിക്കറ്റ് വീഴ്ത്തി.

വിജയത്തോടെ പാകിസ്ഥാൻ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. ടൂർണമെന്റിലെ പാകിസ്ഥാന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യയെയും രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനെയും പാകിസ്ഥാൻ പരാജയപെടുത്തിയിരുന്നു. ദുർബലരായ സ്കോട്ലൻഡ്, നമീബിയ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങൾ മാത്രമാണ് ഇനി പാകിസ്ഥാന് ശേഷിക്കുന്നത്.
