Skip to content

അന്ന് സ്റ്റോക്സിനെതിരെ  പ്രയോഗിച്ച അതേ ഡെലിവറി വീണ്ടും പുറത്തെടുത്ത് സ്റ്റാർക്ക് ; ഒന്നും ചെയ്യാനാകാതെ പെരേര : വീഡിയോ

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെക്കെതിരെ ഓസ്ട്രേലിയക്ക് അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 18 പന്തുകൾ ബാക്കി നില്‍ക്കെയാണ് ഓസ്‌ട്രേലിയ മറികടന്നത്.  42 പന്തില്‍ 65 റണ്‍സെടുത്ത് ഫോമിൽ തിരിച്ചെത്തിയ ഓപ്പണർ ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ വിജയം അനായാസമാക്കിയത്. ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ നാല് പോയിന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി.

മറുപടി ബാറ്റിങ്ങിന്റെ തുടക്കം മുതല്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ശ്രീലങ്കൻ ബോളിങ് നിരയെ ആക്രമിക്കുകയായിരുന്നു. 6.5 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 70 റണ്‍സ്. പവര്‍പ്ലെയില്‍ തന്നെ ലങ്കയുടെ തോല്‍വി ഉറപ്പിച്ചായിരുന്നു ഓസിസിന്റെ മുന്നേറ്റം. ഫിഞ്ച് മടങ്ങിയതിന് ശേഷമെത്തിയ ഗ്ലെന്‍ മാക്സ്വെല്ലിന് തിളങ്ങാനായില്ല. അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്.

എന്നാല്‍ സ്റ്റീവ് സ്മിത്തും വാര്‍ണറും ചേര്‍ന്ന് കൂടുതല്‍ അപകടത്തിലേക്ക് വീഴാതെ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 65 റണ്‍സെടുത്ത് പുറത്തായെങ്കിലും ഓസ്ട്രേലിയയെ സംബന്ധിച്ച്‌ വലിയ ആശ്വാസമായിരുന്നു വാര്‍ണറിന്റെ പ്രകടനം. ഐപിഎല്ലിലും ലോകകപ്പ് സന്നാഹ മത്സരങ്ങളിലുമടക്കം പരാജയപ്പെട്ട വാര്‍ണറിന്റെ തിരിച്ചു വരവ് കൂടിയായിരുന്നു ശ്രീലങ്കയ്ക്കെതിരെ കണ്ടത്.

സ്റ്റീവ് സ്മിത്ത് 26 പന്തില്‍ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കേവലം ഏഴ് പന്തില്‍ 16 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് മൂന്ന് ഓവര്‍ ബാക്കി നില്‍കെ ഓസ്ട്രേലിയയെ ലക്ഷ്യത്തിലെത്തിച്ചത്. ആദം സാമ്ബയാണ് കളിയിലെ താരം.

https://twitter.com/ryandesa_07/status/1453737486983696389?t=88yjAFf480x5KTbTD4DS9A&s=19

https://twitter.com/chaitu_20_/status/1453769671899947023?t=j1_UmZW_6t4UmxAJbXgrCw&s=19

മത്സരത്തിൽ ഓസ്‌ട്രേലിയൻ ബൗളർ സ്റ്റാർക്കിന്റെ തകർപ്പൻ യോർക്കർ വിക്കറ്റ്  ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുകയാണ്. 2019 ഏകദിന ലോകക്കപ്പിൽ ഇംഗ്ലണ്ട് താരം സ്റ്റോക്സിനെതിരെ പ്രയോഗിച്ച അതേ ഡെലിവറിയാണ് ഇത്തവണ ശ്രീലങ്കൻ താരം പേരേരയ്ക്കെതിരെ പുറത്തെടുത്തത്. അതിവേഗത്തിൽ വന്ന യോർക്കറിന് മുന്നിൽ ഒന്നും ചെയ്യാനാകാതെ ബൗൾഡ് ആവുകയായിരുന്നു. സിക്സ് വഴങ്ങിയതിന് പിന്നാലെയായിരുന്നു യോർക്കറിലൂടെ സ്റ്റാർക്ക് മറുപടി നൽകിയത്.