പാണ്ഡ്യയ്ക്ക് പകരം അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ബൗൾ ചെയ്യാൻ സാധിച്ചില്ലയെങ്കിൽ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ മറ്റൊരു നിർണായക മാറ്റവും നിർദ്ദേശിച്ചു.

( Picture Source : Twitter / BCCI )

ആദ്യ മത്സരത്തിൽ 10 വിക്കറ്റിന് പരാജയപെട്ട ഇന്ത്യയ്ക്ക് ന്യൂസിലാൻഡിനെതിരായ അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്. മറുഭാഗത്ത് ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 5 വിക്കറ്റിന് പരാജയപെട്ട ന്യൂസിലാൻഡിനും സെമിഫൈനൽ യോഗ്യത നേടാൻ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിജയം അനിവാര്യമാണ്.

” ഹാർദിക് പാണ്ഡ്യയ്ക്ക് ബൗൾ ചെയ്യാൻ സാധിക്കുന്നില്ലയെങ്കിൽ ഞാൻ തീർച്ചയായും ഇഷാൻ കിഷനെ അവന് പകരം ടീമിൽ ഉൾപ്പെടുത്തും. കാരണം ഇഷാൻ കിഷൻ ഇപ്പോൾ മികച്ച ഫോമിലാണ്. കൂടാതെ ഭുവനേശ്വർ കുമാറിന് പകരം ഷാർദുൽ താക്കൂറിനെയും ടീമിൽ ഉൾപ്പെടുത്തണം. ”

( Picture Source : Twitter / BCCI )

” അതിൽ കൂടുതൽ മാറ്റങ്ങൾ ഇന്ത്യ വരുത്തരുത്. അങ്ങനെ വരുത്തിയാൽ നിങ്ങൾ പാനിക് ആയെന്ന് എതിർടീമിന് മനസ്സിലാകും. ഇപ്പോൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കാരണം ഇന്ത്യയുടേത് മികച്ച ടീമാണ്. ആദ്യ മത്സരത്തിൽ നിങ്ങൾ പരാജയപെട്ടു, എന്നുകരുതി ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കില്ലയെന്നോ ടൂർണമെന്റ് വിജയിക്കാൻ സാധിക്കില്ലയെന്നും പറയാനാകില്ല. അടുത്ത രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കും. അവിടെനിന്നും ഫൈനലിലേക്ക് അധികം ദൂരമില്ല. അതുകൊണ്ട് തന്നെ വലിയ മാറ്റങ്ങളുടെ ആവശ്യമില്ല. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter / BCCI )

ഒക്ടോബർ 31 ന് ദുബായിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരം. പാകിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ പരിക്ക് സാരമല്ലാത്തതിനാൽ മത്സരത്തിൽ കളിച്ചേക്കും. പാകിസ്ഥാനെതിരായ മത്സരത്തിൽ മികവ് പുറത്തെടുക്കാൻ സാധിക്കാതിരുന്ന ബൗളിങ് നിരയിൽ മാറ്റങ്ങൾ വരുത്തുമോയെന്ന് കണ്ടുതന്നെയറിയണം. ഐസിസി ടി20 ലോകകപ്പിൽ ഇതുവരെയും ന്യൂസിലാൻഡിനെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ലോകകപ്പിൽ ഇതിനുമുൻപ് 2 തവണ ഇരുടീമുകൾ ഏറ്റുമുട്ടിയപ്പോൾ രണ്ടിലും വിജയം ന്യൂസിലാൻഡിനായിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )