Skip to content

കെ എൽ രാഹുലല്ല, രോഹിത് ശർമ്മയ്ക്കൊപ്പം അവൻ ഓപൺ ചെയ്യണം, ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റം നിർദ്ദേശിച്ച് ഹർഭജൻ സിങ്

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ മാത്രമേ സെമിഫൈനൽ യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് സാധിക്കൂ. മത്സരത്തിനായെത്തുമ്പോൾ പുതിയ ഓപ്പണിങ് കോമ്പിനേഷൻ ഇന്ത്യ പരീക്ഷിക്കണമെന്നും കെ എൽ രാഹുലിന് പകരം ഓപ്പണറായി കിഷൻ കിഷനെയിറക്കണമെന്നും ഹർഭജൻ സിങ് പറഞ്ഞു.

( Picture Source : Twitter / BCCI )

സന്നാഹ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഇഷാൻ കിഷൻ പുറത്തെടുത്തത്. ഐ പി എല്ലിലെ അവസാന രണ്ട് മത്സരങ്ങളിൽ 32 പന്തിൽ 84 റൺസും 25 പന്തിൽ 50 റൺസും താരം നേടിയിരുന്നു.

” എന്റെ അഭിപ്രായത്തിൽ ഇഷാൻ കിഷനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അവൻ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്താൽ പ്രതീക്ഷിക്കുന്ന തുടക്കം ഇന്ത്യയ്ക്ക് ലഭിക്കും. “

( Picture Source : IPL )

” ഇഷാൻ കിഷൻ ആക്രമണക്കാരിയായ ബാറ്ററാണ്. ഏതൊരു ബൗളറെയും സമ്മർദ്ദത്തിലാക്കാൻ അവന് സാധിക്കും. അവൻ മികച്ച ഫോമിലുമാണ്. ഐ പി എല്ലിലെ അവസാന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സന്നാഹ മത്സരങ്ങളിലും അവൻ തിളങ്ങി. ”

” ഇഷാൻ കിഷൻ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്താൽ, കോഹ്ലിയ്ക്ക് മൂന്നാമനായും കെ എൽ രാഹുലിന് നാലാമനായും ബാറ്റ് ചെയ്യാൻ സാധിക്കും. ഇതോടെ നമ്മുടെ ടോപ്പ് ഫോർ അതിശക്തമാകും. പന്ത്‌ അഞ്ചാമനായി ഇറങ്ങണം. പാണ്ഡ്യ വ്യത്യസ്തനായ പ്ലേയറാണ്, ഫോമിലെത്തിയാൽ ഏതൊരു ബാറ്ററെയും അവൻ പിന്നിലാക്കും. ഒരു ബാറ്ററായി തന്നെ പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്താം. ” ഹർഭജൻ സിങ് പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

ഒക്ടോബർ 31 നാണ് ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരങ്ങളിൽ പാകിസ്ഥാനോട് പരാജയപെട്ടുകൊണ്ടാണ് ഇരുടീമുകളും നിർണായക പോരാട്ടത്തിനായെത്തുന്നത്. ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിന് പരാജയപെട്ടപ്പോൾ ഷാർജയിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ന്യൂസിലാൻഡ് പരാജയപെട്ടത്. മത്സരത്തിൽ പരാജയപെടുന്ന ടീമിന്റെ സെമിഫൈനൽ സാധ്യതകൾ ഏറെക്കുറെ അവസാനിക്കുമെന്നതിനാൽ ഈ മത്സരം ഇരുടീമുകൾക്കും ജീവൻമരണപോരാട്ടമാണ്.

( Picture Source : Twitter / ICC T20 WORLD CUP )