ഐസിസി ടി20 ലോകകപ്പിലെ ഇന്ന് നടന്ന മത്സരങ്ങളിൽ പാകിസ്ഥാനും സൗത്താഫ്രിക്കയ്ക്കും വിജയം. പാകിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപെടുത്തിയപ്പോൾ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെയാണ് സൗത്താഫ്രിക്ക പരാജയപെടുത്തിയത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ പാകിസ്ഥാൻ മറികടന്നു.
33 റൺസ് നേടിയ മൊഹമ്മദ് റിസ്വാനൊപ്പം 20 പന്തിൽ 26 റൺസ് നേടിയ ഷൊഹൈബ് മാലിക്ക്, 12 പന്തിൽ 27 റൺസ് നേടിയ ആസിഫ് അലി എന്നിവരുടെ മികവിലാണ് പാകിസ്ഥാൻ വിജയം നേടിയത്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെ നാലോവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ഹാരിസ് റൗഫാണ് പ്ലേയർ ഓഫ് ദി മാച്ച്.

വെസ്റ്റിൻഡീസിനെതിരെ എട്ട് വിക്കറ്റിനയിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 145 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. 30 പന്തിൽ 39 റൺസ് നേടിയ റീസ ഹെൻഡ്രിക്‌സ്, 43 റൺസ് നേടിയ റാസി വാൻഡർ ഡുസൻ, 26 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 51 റൺസ് നേടിയ ഐയ്‌ഡ്ൻ മാർക്രം എന്നിവരാണ് സൗത്താഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് വേണ്ടി 35 പന്തിൽ 56 റൺസ് നേടിയ എവിൻ ലൂയിസ് മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റൻ പൊള്ളാർഡ് 26 റൺസ് നേടി പുറത്തായി. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നോർക്കിയ നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും മഹാരാജ്2 വിക്കറ്റും ഡ്വെയ്ൻ പ്രെടോറിയസ് മൂന്ന് വിക്കറ്റും നേടി.
