ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, മൊഹമ്മദ് ഷാമിയെ പിന്തുണച്ച് പാക് ഓപ്പണർ റിസ്വാൻ

പാകിസ്ഥാൻ പരാജയത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി പാകിസ്ഥാൻ ഓപ്പണർ മൊഹമ്മദ് റിസ്വാൻ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിസ്വാൻ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയറിയിച്ചത്. മത്സരത്തിൽ മൊഹമ്മദ് റിസ്വാന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

( Picture Source : Twitter / ICC T20 WORLD CUP )

ഒരുകൂട്ടം ആളുകളിൽ നിന്നും സൈബർ ആക്രമണം നേരിട്ട മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കറും ഇർഫാൻ പത്താനും അടക്കമുള്ള മുൻ താരങ്ങളും യഥാർത്ഥ ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ പേസർക്ക് പിന്തുണയറിച്ചിരിക്കുകയാണ് പാക് ഓപ്പണറും വിക്കറ്റ് കീപ്പറും കൂടിയായ മൊഹമ്മദ് റിസ്വാൻ.

( Picture Source : Twitter / ICC T20 WORLD CUP )

” ഒരു കളിക്കാരൻ തന്റെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി കളിക്കുമ്പോൾ അനുഭവിക്കുന്ന സമ്മർദ്ദവും അവരുടെ പ്രയത്നങ്ങളും അളവറ്റതാണ്. മൊഹമ്മദ് ഷാമി ഒരു താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാവൻ. ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, ഒന്നിപ്പിക്കാനുള്ളതാണ്. ” മൊഹമ്മദ് റിസ്വാൻ ട്വിറ്ററിൽ കുറിച്ചു.

( Picture Source : Twitter / ICC T20 WORLD CUP )

അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം മുതൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നിർണായക താരമാണ് മൊഹമ്മദ് ഷാമി. 2015 ൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത് മൊഹമ്മദ് ഷാമിയായിരുന്നു. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിന് ശേഷം ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച പാക് ആരാധകനെതിരെ മൊഹമ്മദ് ഷാമി തിരിയുന്നതും എം എസ് ധോണി ഷാമിയെ പിന്തിരിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടും ആരാധകർ ഷാമിയ്ക്ക് പിന്തുണയറിച്ചു.

മത്സരത്തിൽ 55 പന്തിൽ 6 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 79 റൺസ് മൊഹമ്മദ് റിസ്വാൻ നേടിയിരുന്നു. പാകിസ്ഥാന് വേണ്ടി ഈ ഫോർമാറ്റിൽ മികച്ച പ്രകടനമാണ് താരം തുടരുന്നത്. 44 ടി20 മത്സരങ്ങളിൽ നിന്നും 52.0 ശരാശരിയിൽ 1144 റൺസ് റിസ്വാൻ പാകിസ്ഥാന് വേണ്ടി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിൽ വിരാട് കോഹ്ലിയെ കൂടാതെ 50 ന് മുകളിൽ ശരാശരിയുള്ള ഒരേയൊരു ബാറ്റർ കൂടിയാണ് മൊഹമ്മദ് റിസ്വാൻ.

( Picture Source : Twitter / ICC T20 WORLD CUP )