Skip to content

രവീന്ദ്ര ജഡേജയെ അഞ്ചാം ബൗളറായി കാണാനാകില്ല, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടീം കോമ്പിനേഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ജഡേജയെ അഞ്ചാം ബൗളറായി ഉൾപ്പെടുത്താനാകില്ലയെന്നും ആറാം ബൗളിങ് ഓപ്ഷനായി മാത്രമേ ജഡേജയെ പരിഗണിക്കാവൂയെന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

” ജഡേജയ്ക്ക് നിങ്ങളുടെ മൂന്നാം സ്പിന്നറാകാം. രണ്ടോ മൂന്നോ ഓവർ മാത്രമേ അവനിൽ നിന്നും പ്രതീക്ഷിക്കാവൂ. ഒരിക്കലും നാല് ഓവറിനായി അവനെ ആശ്രയിക്കരുത്. അന്താരാഷ്ട്ര ടി20യിൽ പകുതി മത്സരങ്ങളിൽ മാത്രമാണ് അവൻ നാലോവർ എറിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ നിങ്ങളുടെ അഞ്ച് ബൗളർമാരിൽ അവൻ ഭാഗമാകരുത്. ”

( Picture Source : Twitter / BCCI )

” എന്നാൽ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഒരു ബാറ്റർക്ക് പകരക്കാരനാവാൻ ജഡേജയ്ക്ക് സാധിക്കും, കൂടാതെ ആറാം ബൗളിങ് ഓപ്ഷനായി അവനെ ഉപയോഗിക്കുകയും ചെയ്യാം. ഹാർദിക് പാണ്ഡ്യയ്ക്ക് ബൗൾ ചെയ്യാൻ സാധിക്കുന്നില്ലയെങ്കിൽ ഒരു ബാറ്ററായി തന്നെ അവനെ പരിഗണിക്കാം ഒരു ബാറ്ററിൽ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത് ആ പ്രതീക്ഷ അവനിലും വേണം. ” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

( Picture Source : Twitter )

2019 ൽ നടന്ന ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം യുസ്വേന്ദ്ര ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മഞ്ജരേക്കർ വിമർശിച്ചു.

” ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ചരിത്രത്തിൽ ഈയടുത്തിടെ നടന്ന നിർണായക നിമിഷമായിരുന്നു 2019 ലെ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ തോൽവി. ആ മത്സരത്തിലാണ് അവസാനമായി വിക്കറ്റ് നേടുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന രണ്ട് സ്പിന്നർമാർ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ”

( Picture Source : Twitter / ICC T20 WORLD CUP)

” എന്നാൽ വിക്കറ്റ് ലക്ഷ്യമാക്കി പന്തെറിഞ്ഞിരുന്ന ആ രണ്ട് സ്പിന്നർമാർ അടങ്ങിയ വിജയഫോർമുലയെ കോഹ്ലി ഉപേക്ഷിച്ചു. അത് കുൽദീപ് യാദവും യുസ്വേന്ദ്ര ചഹാലും ആയിരുന്നു. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ തോൽവിയ്ക്ക് ശേഷം രവീന്ദ്ര ജഡേജയെയും രവിചന്ദ്രൻ അശ്വിനെയും ഇതുപോലെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും അവർ ടീമിലെത്തിയിരിക്കുന്നു. അശ്വിനും ജഡേജയും വിക്കറ്റ് ടേക്കിങ് ബൗളർമാരല്ല. അവർ വിക്കറ്റിനെക്കാളുപരി റൺസ് വഴങ്ങാതിരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ടി20യിൽ സ്പിന്നർമാരുടെ ജോലിയെന്നത് വിക്കറ്റ് നേടുകയാണ്. ” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )