Skip to content

അവൻ ലോകോത്തര ബൗളറാണ്, സൈബർ ആക്രമണം നേരിടുന്ന മൊഹമ്മദ് ഷാമിയെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിന് പുറകെ സൈബർ ആക്രമണം നേരിടുന്ന ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മുൻ ഇന്ത്യൻ താരങ്ങളും. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഷാമിയ്ക്കോ മറ്റു ഇന്ത്യൻ ബൗളർമാർക്കോ സാധിച്ചിരുന്നില്ല. എന്നാൽ പരാജയത്തിന് ഒരു കൂട്ടമാളുകൾ ഷാമിയെ വർഗീയമായി വിമർശിച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

ഇന്ത്യ 10 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ 3.5 ഓവറിൽ 43 റൺസ് ഷാമി വഴങ്ങിയിരുന്നു. എന്നാൽ ഷാമിയ്ക്ക് മാത്രമല്ല മറ്റു ബൗളർമാർ ആർക്കും തന്നെ മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചിരുന്നില്ല.

” ഇന്ത്യയെ പിന്തുണയ്ക്കുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നവരെയും പിന്തുണയ്ക്കണം. മൊഹമ്മദ് ഷാമി ലോകോത്തര ബൗളറാണ്. ഏതൊരു കായികതാരത്തിനും ഉണ്ടാകാവുന്ന മോശം ദിവസമാണ് അവനുണ്ടായത്. ഞാൻ ടീം ഇന്ത്യയ്ക്കും മൊഹമ്മദ് ഷാമിയ്ക്കും ഒപ്പമുണ്ട്. ” ട്വിറ്ററിൽ സച്ചിൻ ടെണ്ടുൽക്കർ കുറിച്ചു.

2015 ൽ നടന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ 9 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ഷാമിയുടെ മികവിലാണ് ഇന്ത്യ 76 റൺസിന് വിജയിച്ചത്. സൈബർ ആക്രമണത്തിന് പുറകെ നിരവധി താരങ്ങൾ ഷാമിയ്ക്ക് പിന്തുണയുമായെത്തി.

( Picture Source : Twitter )

” ഞാനും പാകിസ്ഥാൻ ഇന്ത്യ മത്സരങ്ങളുടെ ഭാഗമായിരുന്നു. അന്നും ഇന്ത്യ പരാജയപെട്ടിട്ടുണ്ട്. എന്നാൽ ആരും എന്നോട് പാകിസ്ഥാനിലേക്ക് പോകുവാൻ ആവശ്യപെട്ടിട്ടില്ല. ഞാൻ കുറച്ചുവർഷം മുൻപത്തെ കാര്യമാണ് പറയുന്നത് ” ട്വിറ്ററിൽ ഇർഫാൻ പത്താൻ കുറിച്ചു.

https://twitter.com/IrfanPathan/status/1452578575433945095?t=Nj6yVOzsjq46SSUmx2i2BA&s=19

” ഷാമിയ്ക്കെതിരായ സൈബർ അറ്റാക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഷാമി ഒരു ചാമ്പ്യനാണ്, ഇന്ത്യൻ ക്യാപ് ധരിക്കുന്ന ഓരോ കളിക്കാരന്റെയും ഹൃദയത്തിൽ ഇന്ത്യ മാത്രമാണുള്ളത്. ഞങ്ങൾ ഷാമിയ്ക്കൊപ്പമുണ്ട്. ” സെവാഗ് ട്വിറ്ററിൽ കുറിച്ചു.

” മൊഹമ്മദ് ഷാമി വർഷങ്ങളായി ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഒരുപാട് വിജയങ്ങളിൽ അവൻ നിർണായക പങ്കുവഹിച്ചു. ഒരേയൊരു പ്രകടനം കൊണ്ട് അവനെ നിർണയിക്കാനാവില്ല. എന്റെ ആശംസകൾ എപ്പോഴും അവനൊപ്പമുണ്ട്. എല്ലാ ആരാധകരും ഇന്ത്യൻ ടീമിനെയും ഷാമിയെയും പിന്തുണയ്ക്കണം. ” വി വി എസ് ലക്ഷ്മൺ പറഞ്ഞു.

( Picture Source : Twitter )