Skip to content

ഐ പി എല്ലിൽ ഇനി മുതൽ 10 ടീമുകൾ, പുതിയ ടീമുകൾ അഹമ്മദാബാദും ലക്‌നൗവും

ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ രണ്ട് ടീമുകളുടെ ലേലം അവസാനിച്ചു. അഹമ്മദാബാദ്, ലഖ്‌നൗ ആസ്ഥാനമായാണ് പുതിയ ടീമുകൾ എത്തുന്നത്. മുൻ ഐ പി എൽ ടീമായിരുന്ന റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെ ഓണർ സഞ്ജീവ് ഗോയങ്കയാണ് ലഖ്‌നൗവിൽ നിന്നുള്ള ടീമിനെ സ്വന്തമാക്കിയത്. ഫോർമുല വൺ ൽ അടക്കം നിക്ഷേപമുള്ള സി വി സി ക്യാപിറ്റലാണ് അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കിയത്.

7090 കോടി രൂപയ്ക്കാണ് RPSG ഗ്രൂപ്പ്‌ ലഖ്‌നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. മറുഭാഗത്ത് 5166 കോടി രൂപയ്ക്കാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സി വി സി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പും മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമസ്ഥരടക്കം ലേലത്തിൽ ഉണ്ടായിരുന്നുവെങ്കിലും ടീമുകളെ സ്വന്തമാക്കാൻ വമ്പന്മാർക്ക് സാധിച്ചില്ല. 12,000 കോടിയിലധികം രൂപയാണ് രണ്ട് ടീമുകളുടെ വരവോടെ ബിസിസിഐ സ്വരൂപിച്ചിരിക്കുന്നത്. മീഡിയ റൈറ്റ്‌സ് വഴി വലിയ തുക കണ്ടെത്താനും ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്.

ഇതാദ്യമായല്ല ഐ പി എല്ലിൽ 10 ടീമുകളുടെ ടൂർണമെന്റാകുന്നത്. ഇതിനുമുൻപ് 2011 ൽ കൊച്ചി ടസ്കേഴ്സ്, പുണെ വാരിയേഴ്സ് എന്നീ ടീമുകളടക്കം 10 ടീമുകൾ ഐ പി എല്ലിൽ മാറ്റുരച്ചിരുന്നു. എന്നാൽ തൊട്ടടുത്ത സീസണിന് പോളിസി ലംഘിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയെ ബിസിസിഐ പുറത്താക്കിയിരുന്നു. തുടർന്ന് 2013 ൽ പുണെ വാരിയേഴ്സും ടൂർണമെന്റിൽ നിന്നും പിന്മാറി. ഇപ്പോഴിതാ അടുത്ത സീസൺ മുതൽ വീണ്ടും 10 ടീമുകളുടെ ടൂർണമെന്റായി ഐ പി എൽ മാറുകയാണ്. സീസണിന് മുൻപായി ഡിസംബർ മാസത്തിലായിരിക്കും മെഗാ ലേലം നടക്കുക. ലേലത്തിന് മുൻപേ നാലോ മൂന്നോ താരങ്ങളെ മാത്രമായിരിക്കും ടീമുകൾക്ക് നിലനിർത്തുവാൻ സാധിക്കുക.

( Picture Source : Twitter / IPL )