Skip to content

അവരുടെ ബാറ്റിങിൽ വ്യത്യാസങ്ങളില്ല, നെറ്റ്സിൽ ബാബറിനെതിരെ ബൗൾ ചെയ്യുന്നത് പോലെയാണ് കോഹ്ലിയ്ക്കെതിരെയും പന്തെറിഞ്ഞത്, ഷഹീൻ ഷാ അഫ്രീദി

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെയും ബാറ്റിങ് സമാനമാണെന്ന് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. നാലോവറിൽ 31 റൺസ് വഴങ്ങിയ താരം രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ മറ്റു ഇന്ത്യൻ ബാറ്റർമാർ പരാജയപെട്ടപ്പോൾ 49 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 57 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 30 പന്തിൽ 39 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്തും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഐസിസി ടി20 ലോകകപ്പിൽ ഇതാദ്യമായാണ് വിരാട് കോഹ്ലിയെ പാകിസ്ഥാൻ പുറത്താക്കുന്നത്. മത്സരത്തിൽ 79 റൺസ് നേടിയ മൊഹമ്മദ് റിസ്വാന്റെയും 52 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെയും മികവിലാണ് പാകിസ്ഥാൻ 10 വിക്കറ്റിന്റെ വിജയം നേടിയത്.

( Picture Source : Twitter / ICC T20 WORLD CUP )

” കോഹ്ലിയെ പുറത്താക്കാൻ പദ്ധതികൾ തയ്യാറാക്കിയിരുന്നു. എന്നാൽ അവൻ നമ്പർ വൺ പ്ലേയറാണ്. കോഹ്ലിയുടെയും ബാബറിന്റെയും ബാറ്റിങ് തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഞാൻ നെറ്റ്സിൽ ബാബറിനെതിരെ എങ്ങനെയാണോ ബൗൾ ചെയ്യുന്നത് അതുപോലെയാണ് കോഹ്ലിയ്ക്കെതിരെ ബൗൾ ചെയ്തത്. മൂന്നാം ഓവറിൽ പ്രതീക്ഷിച്ച പോലെ സ്വിങ് എനിക്ക് ലഭിച്ചില്ല. അതുകൊണ്ട് ഗുഡ് ലെങ്തിൽ പന്തെറിയാനും അല്ലെങ്കിൽ സ്ലോ കട്ടറുകൾ എറിയാനുമാണ് ഞാൻ ശ്രമിച്ചത്. ” ഷഹീൻ അഫ്രീദി പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

” ഇതാദ്യമായാണ് ഞാൻ പവർപ്ലേയിൽ മൂന്നോവറുകൾ എറിയുന്നത്. അതുകൊണ്ട് തന്നെ എന്റെ ടീമിന് വേണ്ടി ബ്രേയ്ക്ക് ത്രൂ നൽകണമായിരുന്നു. ഞാനതിന് ശ്രമിക്കുകയും ശ്രമം വിജയിക്കുകയും ചെയ്തു. ന്യൂ ബോൾ കൊണ്ട് യോർക്കർ എറിയുകയെന്നതാണ് എന്റെ ശക്തി. രോഹിത് ശർമ്മയെ പുറത്താക്കാൻ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. അത് വിജയിക്കുകയും ചെയ്തു. ” ഷഹീൻ അഫ്രീദി കൂട്ടിച്ചേർത്തു.

മത്സരത്തിൽ പരാജയപെട്ടെങ്കിലും വരും മത്സരങ്ങളിൽ ഇന്ത്യ ശക്തമായി തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

( Picture Source : Twitter / ICC T20 WORLD CUP )