Skip to content

ചരിത്രവിജയത്തിൽ മതിമറക്കാതെ ധോണിയ്ക്ക് ചുറ്റും ഒത്തുകൂടി പാക് താരങ്ങൾ, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ ചരിത്രവിജയത്തിൽ മതിമറക്കാതെ ഇന്ത്യൻ ഇതിഹാസം എം എസ് ധോണിയിൽ നിന്നും അറിവുകൾ ശേഖരിച്ച് ക്യാപ്റ്റൻ ബാബർ അസം അടക്കമുള്ള പാക് താരങ്ങൾ. ഐ പി എല്ലിൽ മത്സരങ്ങൾക്ക് ശേഷം ധോണിയ്ക്ക് ചുറ്റും എതിർടീമിലെ യുവതാരങ്ങൾ ഒത്തുകൂടുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു. ഇപ്പോഴിതാ ഐസിസി ലോകകപ്പിലെത്തുമ്പോഴും അക്കാര്യത്തിൽ മാറ്റങ്ങളുണ്ടായില്ല.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, സീനിയർ താരം ഷൊഹൈബ് മാലിക്ക്, ഓൾറൗണ്ടർ ഇമാദ് വാസിം എന്നിവർ എം എസ് ധോണിയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ക്രിക്കറ്റിന്റെ മനോഹാരിത ഇതാണെന്നായിരുന്നു ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ആരാധകരുടെ പ്രതികരണം. ഇന്ത്യ – പാക് മത്സരങ്ങളുടെ യഥാർത്ഥ ദൃശ്യം ഇതാണെന്നായിരുന്നു കമന്ററിയിൽ ഹർഷ ബോഗ്ലെ പറഞ്ഞത്.

മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്ഥാൻ വിജയിച്ചത്. കോഹ്ലിയുടെ അർധസെഞ്ചുറി മികവിൽ ഇന്ത്യ ഉയർത്തിയ 152 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ പാകിസ്ഥാൻ മറികടന്നു. മൊഹമ്മദ് റിസ്വാൻ 55 പന്തിൽ 79 റൺസ് നേടിയപ്പോൾ ബാബർ അസം 52 പന്തിൽ 68 റൺസ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരെ പുറത്താക്കിയ ഷഹീൻ അഫ്രീദിയാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ഹസൻ അലി രണ്ട് വിക്കറ്റും ഷദാബ്‌ ഖാൻ,ഹാരിസ് റൗഫ് എന്നിവർ ഒരു വിക്കറ്റ് വീതം നേടി.

( Picture Source : Twitter / ICC T20 WORLD CUP )

ഐസിസി ലോകകപ്പുകളിലെ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ ആദ്യ വിജയമാണിത്. ഇതിനുമുൻപ് ഏകദിന, ടി20 ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോൾ 12 ലും വിജയം നേടിയത് ഇന്ത്യയായിരുന്നു. അന്താരാഷ്ട്ര ടി20യിൽ ഇതാദ്യമായാണ് ഒരു ടീം ഇന്ത്യയ്ക്കെതിരെ 10 വിക്കറ്റിന് വിജയിക്കുന്നത്, ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ രണ്ടാം വിജയം മാത്രമാണിത്. ഇതിനുമുൻപ് എട്ട് മത്സരങ്ങളിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആറിലും ഇന്ത്യ വിജയിച്ചിരുന്നു. ഒരു മത്സരമാകട്ടെ ടൈ ആവുകയായിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

വീഡിയോ കാണാം …

https://twitter.com/msdhonizealot/status/1452457158214230017?t=p2HGZscd-kALI5mrGJgg8g&s=19

ഒക്ടോബർ 31 ന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്ഥാനെതിരെ പരാജയപെട്ടതിനാൽ കിവികൾക്കെതിരായ മത്സരം ഇന്ത്യയ്ക്ക് അതിനിർണായകമാണ്.

( Picture Source : Twitter / ICC T20 WORLD CUP )