Skip to content

രോഹിത് ശർമ്മയേക്കാൾ നന്നായി ഇഷാൻ കിഷന് കളിക്കാൻ സാധിക്കുമായിരുന്നില്ലേ, മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തകർപ്പൻ മറുപടി നൽകി വിരാട് കോഹ്ലി

പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകന് തകർപ്പൻ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സന്നാഹ മത്സരങ്ങളിൽ മികച്ച ഫോമിൽ കളിച്ച ഇഷാൻ കിഷന് രോഹിത് ശർമ്മയേക്കാൾ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കുമായിരുന്നില്ലേയെന്ന ചോദ്യമാണ് ഇന്ത്യൻ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. ഇന്ത്യ 10 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മയെ ഷഹീൻ അഫ്രീദി പുറത്താക്കിയിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

ഐസിസി ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ ആദ്യ വിജയമാണ് പാകിസ്ഥാൻ നേടിയത്. ഇതിനുമുൻപ് 12 തവണ ഏകദിന, ടി20 ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 49 പന്തിൽ 57 റൺസ് നേടിയ വിരാട് കോഹ്ലിയും 30 പന്തിൽ 39 റൺസും നേടിയ റിഷഭ് പന്തും മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. രോഹിത് ശർമ്മ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ മികച്ച ഫോമിലുള്ള കെ എൽ രാഹുൽ 8 പന്തിൽ 3 റൺ നേടി പുറത്തായി.

( Picture Source : Twitter / ICC T20 WORLD CUP )

” സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനമാണല്ലോ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. അവന് അവസരം നൽകാതിരുന്നത് തെറ്റായി പോയോ, ഇഷാൻ കിഷൻ കളിച്ചിരുന്നെങ്കിൽ രോഹിത് ശർമ്മയേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ ? ” പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം ഇപ്രകാരമായിരുന്നു.

” അതൊരു ധീരമായ ചോദ്യമാണ്, താങ്കൾക്ക് എന്താണ് തോന്നുന്നത് ? ഞാൻ കളിപ്പിച്ചത് മികച്ച ഇലവനെ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്, താങ്കളുടെ അഭിപ്രായം എന്താണ് ? അന്താരാഷ്ട്ര ടി20യിൽ നിങ്ങൾ രോഹിത് ശർമ്മയെ ഒഴിവാക്കുമോ ? കഴിഞ്ഞ മത്സരത്തിലെ അവന്റെ പ്രകടനം കണ്ടിരുന്നോ ? ”

വീഡിയോ ;

https://twitter.com/jayeshvk16/status/1452334940444577793?t=Ad1oYCgJiOqe-Wiew3xeLA&s=19

” അവിശ്വസനീയം തന്നെ നിങ്ങൾക്ക് വിവാദമാണ് വേണ്ടതെങ്കിൽ നേരത്തെ തന്നെ എന്നോട് പറയൂ, എങ്കിൽ ഞാൻ അതുപോലെ ഉത്തരം നൽകാം. ” കോഹ്ലി പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

55 പന്തിൽ 79 റൺസ് നേടിയ മൊഹമ്മദ് റിസ്വാന്റെയും 52 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെയും മികവിലാണ് ഇന്ത്യ ഉയർത്തിയ 152 റൺസിന്റെ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ട്ടപെടാതെ മറികടന്നുകൊണ്ട് പാകിസ്ഥാൻ ചരിത്രവിജയം സ്വന്തമാക്കിയത്. നാലോവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹീൻ ഷാ അഫ്രീദിയാണ് ഇന്ത്യയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.

( Picture Source : Twitter / ICC T20 WORLD CUP )