Skip to content

ഇംഗ്ലണ്ടിന് മുൻപിൽ തകർന്നടിഞ്ഞ് വിൻഡീസ്, വെറും 55 റൺസിന് ഓൾ ഔട്ട്, മോർഗനും കൂട്ടർക്കും 6 വിക്കറ്റിന്റെ വിജയം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്. മത്സരത്തിൽ വെറും 55 റൺസിന് ഓൾ ഔട്ടായ വെസ്റ്റിൻഡീസിനെ 6 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തത്. 56 റൺസിന്റെ വിജയലക്ഷ്യം 8.2 ഓവറിൽ മറികടന്ന ഇംഗ്ലണ്ടിന് എന്നാൽ നാല് വിക്കറ്റുകൾ നഷ്ടമായി.

ഇംഗ്ലണ്ടിന് വേണ്ടി ജോസ് ബട്ട്ലർ 22 പന്തിൽ 24 റൺസും ക്യാപ്റ്റൻ ഓയിൻ മോർഗൻ 7 പന്തിൽ 7 റൺസും നേടി പുറത്താകാതെ നിന്നു. ജേസൺ റോയ്, ജോണി ബെയർസ്റ്റോ, മൊയിൻ അലി, ലിയാം ലിവിങ്സ്റ്റൺ എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് വെസ്റ്റിൻഡീസിനെ ഇംഗ്ലണ്ട് പരാജയപെടുത്തുന്നത്.

( Picture Source : Twitter / ICC T20 WORLD CUP )

13 പന്തിൽ 13 റൺസ് നേടിയ ക്രിസ് ഗെയ്ൽ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്. പൊള്ളാർഡ് 6 റൺസും ഡ്വെയ്ൻ ബ്രാവോ 5 റൺസും നേടി പുറത്തായപ്പോൾ ആന്ദ്രേ റസ്സലിന് റണ്ണൊന്നും നേടാൻ സാധിച്ചില്ല. ടി20 ക്രിക്കറ്റിലെ വെസ്റ്റിൻഡീസിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണിത്. നേരത്തെ 2019 ൽ ഇംഗ്ലണ്ടിനെതിരെ തന്നെ 45 റൺസിന് വെസ്റ്റിൻഡീസ് ഓൾ ഔട്ടായിരുന്നു. ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടീം ടോട്ടൽ കൂടിയാണിത്. ശ്രീലങ്കയ്ക്കെതിരെ 2014 ലോകകപ്പിൽ 39 റൺസും ഈ ലോകകപ്പിൽ 44 റൺസിനും ഓൾ ഔട്ടായ നെതർലൻഡ്സിന്റെ പേരിലാണ് ഏറ്റവും കുറഞ്ഞ രണ്ട് ടീം ടോട്ടലുമുള്ളത്.

( Picture Source : Twitter / ICC T20 WORLD CUP )

2.2 ഓവറിൽ 2 റൺ മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദാണ് വെസ്റ്റിൻഡീസിനെ തകർത്തത്. മൊയിൻ അലി, മിൽസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / ICC T20 WORLD CUP )

ഗ്രൂപ്പ് ഒന്നിലെ മറ്റൊരു മത്സരത്തിൽ ഓസ്‌ട്രേലിയ സൗത്താഫ്രിക്കയെ അഞ്ച് വിക്കറ്റിന് പരാജയപെടുത്തി. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 119 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 35 റൺസും മാർക്കസ് സ്റ്റോയിനിസ് 24 റൺസും നേടി. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ 2 വിക്കറ്റ് വീതം നേടിയ സ്റ്റാർക്ക്, ഹേസൽവുഡ്, ആഡം സാംപ എന്നിവരുടെ മികവിലാണ് ഓസ്‌ട്രേലിയ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.

( Picture Source : Twitter / ICC T20 WORLD CUP )