Skip to content

നോകൗട്ടിൽ ഏത് ടീമിനും ഇന്ത്യയെ പരാജയപെടുത്താനാകും, കോഹ്ലിപ്പടയെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് താരം

ഐസിസി ടി20 ലോകകപ്പിൽ കിരീടസാധ്യത ഇന്ത്യയ്ക്കാണെന്ന് പറയുവാൻ സാധിക്കില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ. ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷയുടെ സമ്മർദ്ദം ഇന്ത്യയ്ക്കുണ്ടാകുമെന്നും കഴിഞ്ഞ ഐസിസി ടൂർണമെന്റിലൊന്നും മികച്ച റെക്കോർഡല്ല ഇന്ത്യയ്ക്കുള്ളതെന്നും നാസർ ഹുസൈൻ പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തോടെടെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയ്ൻ ആരംഭിക്കുന്നത്.

( Picture Source : Twitter / BCCI )

2013 ലാണ് എം എസ് ധോണിയുടെ കീഴിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി കിരീടം. അതിന് ശേഷം 2015 ലും 2019 ലും നടന്ന ഏകദിന ലോകകപ്പുകളിലും 2016 ലെ ടി20 ലോകകപ്പിലും സെമിഫൈനലിൽ പരാജയപെട്ടുകൊണ്ട് ഇന്ത്യ പുറത്തായിരുന്നു. കൂടാതെ 2014 ടി20 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയോടും 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോടും ഇന്ത്യ പരാജയപെട്ടിരുന്നു. അവസാനമായി ഈ വർഷം നടന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോടും ഇന്ത്യ പരാജയപെട്ടു.

” അവർ കിരീടസാധ്യതയുള്ള ടീം തന്നെയാണ്, എന്നാൽ അവർക്ക് മുൻതൂക്കമുണ്ടെന്ന് ഉറപ്പിച്ചുപറയാൻ സാധിക്കില്ല. കാരണം ഇത് ടി20 ഫോർമാറ്റാണ്, ഈ ഫോർമാറ്റിൽ എന്തും തന്നെ സംഭവിക്കാം. 70, 80 റൺസ് നേടിയുള്ള വ്യക്തിഗത പ്രകടനമോ, മൂന്ന് ഡെലിവറിയോ മത്സരം മാറ്റിമറിച്ചേക്കാം. അതുകൊണ്ട് തന്നെ നോകൗട്ട് പോരാട്ടങ്ങളിൽ ഏതൊരു ടീമിനും ഇന്ത്യ പരാജയപെടുത്താൻ സാധിക്കും. ” നാസർ ഹുസൈൻ പറഞ്ഞു.

( Picture Source : Twitter / BCCI )

” കഴിഞ്ഞ ഐസിസി ടൂർണമെന്റുകളിലെ അവരുടെ റെക്കോർഡ് അത്ര മികച്ചതല്ല, അതവർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് നോക്കികാണണം. കൂടാതെ ഇന്ത്യൻ ആരാധകരുടെ വലിയ പ്രതീക്ഷ അവരുടെ ചുമലിലുണ്ട്. അതുകൊണ്ട് തന്നെ നോകൗട്ടിൽ ഇനിയൊരു പിഴവ് അവർക്ക് താങ്ങാനാകില്ല. ”

( Picture Source : Twitter / BCCI )

” കഴിഞ്ഞ ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ മത്സരം നോക്കൂ. പെട്ടെന്ന് ലോ സ്കോറിങ് മത്സരമായി മാറിയപ്പോൾ ഇന്ത്യയ്ക്ക് പ്ലാൻ ബി ഉണ്ടായിരുന്നില്ല. ന്യൂസിലാൻഡിനെതിരെ അവർ തകർന്നു. നോകൗട്ടിൽ ഇനിയൊരു പിഴവ് അവർക്ക് വരുത്താനാകില്ല. കാരണം പേപ്പറിൽ അവരെല്ലാം തികഞ്ഞ ടീമാണ്, വൈറ്റ് ബോൾ ക്രിക്കറ്റിലെ മികച്ച ബാറ്റർമാർ അവർക്കുണ്ട്, മികച്ച ബാറ്റിങ് ഡെപ്ത് അവർക്കുണ്ട്. ഒപ്പം മിസ്റ്ററി സ്പിന്നറും എം എസ് ധോണിയെ പോലെയൊരു മെന്ററും. ” നാസർ ഹുസൈൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

വലിയ ആത്മവിശ്വാസത്തോടെയാണ് ഈ ലോകകപ്പിനായി ഇന്ത്യയെത്തുന്നത്. മുൻ ക്യാപ്റ്റൻ എം എസ് ധോണി ടീമിന്റെ ഉപദേഷ്ടാവായി എത്തുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സന്നാഹ മത്സരങ്ങളിൽ ശക്തരായ ഇംഗ്ലണ്ടിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ആധികാരികവിജയം ഇന്ത്യ നേടിയിരുന്നു. സന്നാഹ മത്സരങ്ങളിലെ പ്രകടനം ലോകകപ്പിൽ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോഹ്ലിപ്പട.

( Picture Source : Twitter / BCCI )