Skip to content

അവൻ ടീമിൽ തന്നെ തുടരും, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇപ്പോൾ പന്തെറിയാൻ സാധിക്കുകയിലെങ്കിലും പാണ്ഡ്യ ടീമിൽ തുടരുമെന്നും വിരാട് കോഹ്ലി പറഞ്ഞു. പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. 2019 ന് ഇതാദ്യമായാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.

( Picture Source : Twitter / BCCI )

ഹാർദിക് പാണ്ഡ്യയ്ക്ക് പന്തെറിയാൻ സാധിക്കാത്തതിനാൽ പ്ലേയിങ് ഇലവനിൽ പാണ്ഡ്യയെ ഒഴിവാക്കണമെന്ന് മുൻ താരങ്ങളടക്കം അഭിപ്രായപെട്ടിരുന്നു. ആറാം ബൗളറുടെ അഭാവം പരിഹരിക്കാൻ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും രണ്ടോവറുകൾ എറിഞ്ഞിരുന്നു. പാണ്ഡ്യ പ്ലേയിങ് ഇലവനിൽ തുടരുമെന്നും ടൂർണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ പന്തെറിയാൻ പാണ്ഡ്യയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയും കോഹ്ലി പങ്കുവെച്ചു.

( Picture Source : Twitter )

” ഹാർദിക് പാണ്ഡ്യ സുഖപെട്ടുകൊണ്ടിരിക്കുകയാണ്. ടൂർണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ രണ്ടോവറെങ്കിലും എറിയാൻ അവന് സാധിക്കുമെന്ന് ഞങ്ങൾക്കുണ്ട്. അവന് പന്തെറിയാൻ സാധിക്കുന്നത് വരെ ഞങ്ങൾ അവസരങ്ങൾ പരമാവധി മുതലാക്കുവാൻ ശ്രമിക്കും. മത്സരങ്ങളിൽ ചില ഓവറുകൾ നൽകാൻ കഴിയുന്ന ഓപ്ഷനുകൾ ഞങ്ങൾ പരിഗണിച്ചിട്ടുണ്ട്. അതിനാൽ അക്കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയില്ല. ” കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

” ആറാം നമ്പറിലെ അവന് പകരക്കാരനെ കണ്ടെത്താൻ ഒറ്റരാത്രികൊണ്ട് സാധിക്കുകയില്ല. ഒരു ബാറ്റർ എന്ന നിലയിൽ ഓസ്‌ട്രേലിയയിൽ അവനെ പരിഗണിക്കുന്നതിൽ ഞാൻ അനുകൂലമായിരുന്നു. ആ ടി20 പരമ്പരയിൽ അവന്റെ പ്രകടനം നമ്മൾ കണ്ടതാണ്, എങ്ങനെയാണ് എതിരാളികളിൽ നിന്നും മത്സരം പിടിച്ചെടുത്തതെന്നും. ”

” ഒരു ആറാം നമ്പർ ബാറ്ററെന്ന നിലയിൽ അവൻ ടീമിന് നൽകുന്ന മൂല്യം എത്രയെന്ന് ഞങ്ങൾക്കറിയാം. ഇത്തരത്തിൽ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയുന്ന താരങ്ങളുടെ സാന്നിധ്യം നിർണായകമാണ്. അവനിപ്പോൾ ചെയ്യാൻ കഴിയാത്ത എന്തെങ്കിലും ചെയ്യുവാൻ അവനെ നിർബന്ധിക്കാൻ സാധിക്കുകയില്ല. അവൻ പ്രചോദിതനാണ്. ഞങ്ങൾക്ക് വേണ്ടി ബൗൾ ചെയ്ത് തുടങ്ങാൻ അവൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ” കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter )