ശ്രീശാന്ത് അത് ഡ്രോപ്പ് ചെയ്യുമെന്നാണ് യുവി വിചാരിച്ചത്, ഇന്ത്യയുടെ ചരിത്രവിജയം ഓർത്തെടുത്ത് രോഹിത് ശർമ്മ

പ്രഥമ ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ജോഹനാസ്ബർഗിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെതിരെ 5 റൺസിനായിരുന്നു ഇന്ത്യൻ യുവനിരയുടെ വിജയം. അവസാന 4 പന്തിൽ 6 റൺസ് വേണമെന്നിരിക്കെ ജോഗിന്ദർ ശർമ്മയ്ക്കെതിരെ മിസ്ബ ഉൾ ഹഖ് സ്‌കൂപ്പ് ഷോട്ടിന് ശ്രമിക്കുകയും ബൗണ്ടറിയിലുണ്ടായിരുന്ന മലയാളി താരം ശ്രീശാന്ത് പന്ത്‌ കൈപിടിയിലൊതുക്കുകയും ചെയ്തതോടെയാണ് ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്. എന്നാൽ ശ്രീശാന്ത് ആ ക്യാച്ച് ഡ്രോപ്പ് ചെയ്യുമെന്നാണ് യുവരാജ് സിങ് കരുതിയതെന്നും അത് കാണാതിരിക്കാൻ യുവി പിന്തിരിഞ്ഞാണ് നിന്നിരുന്നതെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഫൈനലിൽ 54 പന്തിൽ 75 റൺസ് നേടിയ ഗൗതം ഗംഭീറിനൊപ്പം 16 പന്തിൽ 30 റൺസ് നേടിയ രോഹിത് ശർമ്മയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

( Picture Source : Twitter )

” ആ പന്തിൽ ഞാൻ കവറിലാണ് നിന്നിരുന്നത്, യുവിയാകട്ടെ പോയിന്റിലും. മിസ്ബ ആ ഷോട്ട് കളിച്ച നിമിഷം യുവി തിരിയുന്നത് ഞാൻ കണ്ടിരുന്നു. അവൻ അത് കാണുകയല്ലായിരുന്നു, ശ്രീശാന്ത് ആ ക്യാച്ച് ഡ്രോപ്പ് ചെയ്യുമെന്നാണ് അവൻ കരുതിയത്. ”

” ശ്രീശാന്ത് ആ ക്യാച്ചെടുക്കാൻ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. അവനധികം മാറേണ്ടിവന്നിരുന്നില്ല. ഒന്നോ രണ്ടോ സ്റ്റെപ്പ് പിറകോട്ട് മാറിയാണ് അവൻ ആ ക്യാച്ച് എടുത്തത്. അവന്റെ കരിയറിലെ തന്നെ ഏറ്റവും സമ്മർദ്ദമേറിയ ക്യാച്ചായിരിക്കുമത് ” രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : Twitter )

” ആ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെയും പാകിസ്ഥാൻ ആരാധകരെയും മാത്രമേ കാണുവാൻ സാധിക്കുമായിരുന്നുള്ളൂ. കൂടുതലും ഇന്ത്യൻ ആരാധകരായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ അതെല്ലാം സ്വപ്നമായി തോന്നുന്നു, ആ ദിവസത്തെ ഞങ്ങളുടെ പ്രകടനം അവിശ്വസനീയമായിരുന്നു.”

( Picture Source : Twitter )

” ആ സമയത്ത് എന്റെ പ്രായം 20 വയസ്സുമാത്രമായിരുന്നു. എന്നെ സംബന്ധിച്ച് പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലിലെത്തുകയെന്നത് വളരെ വലിയ കാര്യമാണ്. അതിനൊപ്പം ഫൈനൽ കളിക്കാനും റൺസ് സ്കോർ ചെയ്യാനും ക്യാച്ച് എടുക്കാനും വിക്കറ്റ് നേടാനും മൈതാനത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും കാണുന്നതും സ്വപ്നം പോലെയായിരുന്നു. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

( Picture Source : Twitter )