Skip to content

ചരിത്രം സൃഷ്ടിച്ച് നമീബിയ, അയർലൻഡിനെ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക്, നെതർലൻഡ്സിനെ പരാജയപെടുത്തി ശ്രീലങ്കയും സൂപ്പർ 12 ലേക്ക്

അയർലൻഡിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പിലെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി നമീബിയ. നിർണായക മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ നമീബിയ മറികടന്നു. യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തി എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ശ്രീലങ്കയും സൂപ്പർ 12 ലേക്ക് പ്രവേശിച്ചു.

( Picture Source : Twitter / ICC T20 WORLD CUP )

ആശ്വാസവിജയം കണ്ടെത്തി മടങ്ങാനെത്തിയ നെതർലൻഡ്സിൽ അക്ഷരാർത്ഥത്തിൽ തകർത്തുതരിപ്പണമാക്കിയാണ് ശ്രീലങ്ക സൂപ്പർ 12 ലേക്ക് പ്രവേശിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിനെ 44 റൺസിൽ ചുരുക്കികെട്ടിയ ശ്രീലങ്ക വിജയലക്ഷ്യം 7.1 ഓവറിൽ മറികടന്നു. എ ഗ്രൂപ്പിലെ ഒന്നാം സ്ഥനാക്കാരായി ഫിനിഷ് ചെയ്തതോടെ സൂപ്പർ 12 ൽ ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പമാണ് ശ്രീലങ്കയുള്ളത്.

മറുഭാഗത്ത് അയർലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സൂപ്പർ 12 ലെത്തിയ നമീബിയ ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, അഫ്‌ഗാനിസ്ഥാൻ, സ്കോട്ലൻഡ് എന്നീ ടീമുകൾക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണുള്ളത്.

( Picture Source : Twitter / ICC T20 WORLD CUP )

സ്കോട്ലൻഡും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് ബിയിൽ നിന്നും സൂപ്പർ 12 ലേക്ക് യോഗ്യത നേടിയ ടീമുകൾ. ഒമാനെ പരാജയപെടുത്തി ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് സ്കോട്ലൻഡ് സൂപ്പർ 12 ലേക്ക് യോഗ്യത നേടിയത്. മറുഭാഗത്ത് ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനോട് പരാജയപെട്ട ബംഗ്ലാദേശ് ഒമാനെയും പാപുവ ന്യൂ ഗിനിയയെയും പരാജയപെടുത്തിയാണ് സൂപ്പർ 12 യോഗ്യത നേടിയത്.

ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയിൽ തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിലെ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുന്നത്. നാളെ (ഒക്ടോബർ 23) അബുദാബിയിൽ വൈകുന്നേരം 3.30 നാണ് മത്സരം ആരംഭിക്കുന്നത്.

( Picture Source : Twitter / ICC T20 WORLD CUP )