Skip to content

അവൻ ടി20യിലെ ഏറ്റവും മികച്ച ബൗളറാണ്, അവനെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്, മൊഹമ്മദ് ആമിർ

ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുംറയുമായി പാകിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദിയെ താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് മുൻ പാകിസ്ഥാൻ പേസർ മൊഹമ്മദ് ആമിർ. ഷഹീൻ മികച്ച യുവബൗളറാണെങ്കിൽ കൂടിയും ബുംറയുമായി താരതമ്യം ചെയ്യാറായിട്ടില്ലയെന്നും മൊഹമ്മദ് ആമിർ പറഞ്ഞു.

( Picture Source : Twitter )

പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനമാണ് ഷഹീൻ അഫ്രീദി മൂന്ന് ഫോർമാറ്റിലും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി പാകിസ്ഥാന് വേണ്ടി 161 വിക്കറ്റുകൾ നേടിയിട്ടുള്ള ഷഹീൻ അഫ്രീദി ഐസിസി ടെസ്റ്റ് റാങ്കിങിൽ എട്ടാം സ്ഥാനത്തും ഏകദിന റാങ്കിങിൽ പതിമൂന്നാം സ്ഥാനത്തും ടി20 റാങ്കിങിൽ 23 ആം സ്ഥാനത്തുമാണുള്ളത്. മറുഭാഗത്ത് ടെസ്റ്റ് റാങ്കിങിൽ ഒമ്പതാം സ്ഥാനത്തും ഏകദിന റാങ്കിങിൽ ഏഴാം സ്ഥാനത്തും ടി20 റാങ്കിങിൽ 33 ആം സ്ഥാനത്തുമാണ് ജസ്പ്രീത് ബുംറയുള്ളത്.

( Picture Source : Twitter )

” ഈ ഘട്ടത്തിൽ ഷഹീൻ അഫ്രീദിയെയും ജസ്പ്രീത് ബുംറയെയും തമ്മിൽ താരതമ്യം ചെയ്യുന്നത് വിഢിത്തമാണ്. ഷഹീൻ ചെറുപ്പമാണ്, അവൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. മറുഭാഗത്ത് ബുംറയാകട്ടെ വളരെ നാളുകളായി ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണവൻ. പ്രത്യേകിച്ചും ഡെത്ത് ഓവറുകളിൽ ” മൊഹമ്മദ് ആമിർ പറഞ്ഞു.

( Picture Source : Twitter )

ഷഹീൻ പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറാണെന്നും കഴിഞ്ഞ ഒന്നൊര വർഷമായി ബൗളറെന്ന നിലയിൽ ഷഹീൻ ഷാ ഒരുപാട് മെച്ചപെട്ടുവെന്നും ആമിർ പറഞ്ഞു. ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ പാകിസ്ഥാന് ഇന്ത്യയേക്കാൾ മികച്ച പേസ് നിരയുണ്ടെന്നും എന്നാൽ മികച്ച സ്പിൻ നിര ഇന്ത്യയ്ക്കാണെന്നും ആമിർ പറഞ്ഞു.

” കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തെ പ്രകടനം നോക്കിയാൽ ഷഹീൻ നിലവിൽ പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറാണ്. ബുംറ ന്യൂ ബോളിൽ നന്നായി പന്തെറിയും യുവതാരങ്ങളിൽ ഏറ്റവും മികച്ച ന്യൂ ബോൾ ബൗളർ ഷഹീൻ അഫ്രീദിയാണ്. ” ആമിർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )