Skip to content

അവരെ ടീമിലെടുക്കരുത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ആകാശ് ചോപ്ര

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം ആകാശ് ചോപ്ര. ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ പാകിസ്ഥാനെതിരായ മത്സരത്തിൽ കളിപ്പിക്കരുതെന്ന് നിർദ്ദേശിച്ച ആകാശ് ചോപ്ര പകരം കളിപ്പിക്കേണ്ട താരത്തെയും നിർദ്ദേശിച്ചു. ലോകകപ്പിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ മോശം പ്രകടനമായിരുന്നു ഭുവനേശ്വർ കുമാർ കാഴ്ച്ചവെച്ചത്.

( Picture Source : Twitter / BCCI )

സന്നാഹ മത്സരത്തിൽ നാലോവറിൽ 54 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറിന് വിക്കറ്റൊന്നും നേടാൻ സാധിച്ചിരുന്നില്ല. ഭുവനേശ്വർ കുമാറിനൊപ്പം നാലോവറിൽ 43 റൺസ് വഴങ്ങിയ സ്പിന്നർ രാഹുൽ ചഹാറിനും മികവ് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഐ പി എല്ലിൽ രണ്ടാം പകുതിയിലും രാഹുൽ ചഹാർ മോശം പ്രകടനമാണ് പുറത്തെടുത്തത്.

” ഭുവനേശ്വർ കുമാർ വളരെയധികം റൺസ് വഴങ്ങി, അവൻ തന്റെ തനതായ മികവ് പുറത്തെടുക്കുന്നില്ല. അവന് ഒരുപാട് എക്സ്പീരിയൻസുണ്ട്, എന്നാൽ പാകിസ്ഥാനെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ അവനെ ഉൾപ്പെടുത്തണമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ ഷാർദുൽ താക്കൂറിനെ പറ്റിയാണ് ചിന്തിക്കുന്നത്. ” ആകാശ് ചോപ്ര പറഞ്ഞു.

സന്നാഹ മത്സരത്തിലെ രാഹുൽ ചഹാറിന്റെ മോശം പ്രകടനം വരുൺ ചക്രവർത്തിയ്ക്ക് വഴിതുറക്കുമെന്നും ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലും പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലും വരുൺ ചക്രവർത്തിയെ കളിപ്പിക്കണമെന്നും ആകാശ് ചോപ്ര നിർദ്ദേശിച്ചു.

” രാഹുൽ ചഹാറും റൺസ് വഴങ്ങി, അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിലും പാകിസ്ഥാനെതിരെയും വരുൺ ചക്രവർത്തി കളിച്ചേക്കുമെന്നാണ് ഞാൻ കരുതുന്നത്. അശ്വിൻ നന്നായി ബൗൾ ചെയ്തു. ആദ്യ രണ്ട് ഓവറിൽ അവൻ ഓഫ് സ്പിൻ എറിയുകയും ചെയ്തു. എന്നാൽ മൂന്നാം സ്പിന്നറായി മാത്രമേ അവൻ കളിക്കുന്നത് കാണാനാകൂ. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )