Skip to content

ഐസിസി ടി20 ലോകകപ്പ്, ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി, സ്‌കോട്ടിഷ് പട നേടിയത് ആവേശവിജയം

സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയയെയും ന്യൂസിലാൻഡിനെയും പരാജയപെടുത്തിയ ആത്മവിശ്വാസത്തിൽ ലോകകപ്പിലെത്തിയ ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി. ഗ്രൂപ്പ്‌ ബിയിലെ രണ്ടാം മത്സരത്തിൽ 6 റൺസിനാണ് ബംഗ്ലാദേശിനെ സ്കോട്ലൻഡ് പരാജയപെടുത്തിയത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 141 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടുവാനെ സാധിച്ചുള്ളൂ.

ക്രിസ് ഗ്രീവ്സിന്റെ തകർപ്പൻ ഓൾറൗണ്ടർ പ്രകടനമാണ് മത്സരത്തിൽ സ്കോട്ലൻഡിനെ വിജയത്തിച്ചത്. ഒരു ഘട്ടത്തിൽ 53 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ട്ടപെട്ട ടീമിനെ 28 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 45 റൺസ് നേടിയ ക്രിസ് ഗ്രീവ്സാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. തുടർന്ന് ബൗളിങിലും താരം സ്കോട്ലൻഡിന്റെ വിജയശിൽപ്പിയായി. മൂന്നോവറിൽ 19 റൺസ് മാത്രം വഴങ്ങിയ താരം ഷാക്കിബ്‌ അൽഹസനെയും മുഷ്ഫിഖുർ റഹിമിനെയും പുറത്താക്കുകയും ചെയ്തു.

( Picture Source : Twitter / ICC T20 WORLD CUP )

നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബ്രാഡ് വീൽ, ഓരോ വിക്കറ്റ് വീതം നേടിയ ജോഷ് ഡേവി, മാർക്ക് വാറ്റ് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ഗ്രൂപ്പ് ബിയിൽ നടന്ന ആദ്യ മത്സരത്തിൽ ഒമാൻ പാപുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് പരാജയപെടുത്തി. മത്സരത്തിൽ പി എൻ ജി ഉയർത്തിയ 130 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ ഒമാൻ മറികടന്നു. ഒമാന് വേണ്ടി അഖിബ് ഇല്യാസ് 43 പന്തിൽ 50 റൺസും ജറ്റിന്ദർ സിങ് 42 പന്തിൽ 73 റൺസും നേടി. ആദ്യ ബാറ്റ് ചെയ്ത പി എൻ ജിയെ നാലോവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഒമാൻ ക്യാപ്റ്റൻ സീഷാൻ മഖ്സൂദാണ് തകർത്തത്.

നാളെ എ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ മത്സരത്തിൽ അയർലൻഡ് നെതർലൻഡ്സിനെയും രണ്ടാം മത്സരത്തിൽ ശ്രീലങ്ക നമീബിയെയും നേരിടും. സൂപ്പർ 12 ലുള്ള ടീമുകളുടെ പരിശീലന മത്സരങ്ങളും ഒക്ടോബർ 18 ന് ആരംഭിക്കും. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം. മറ്റു മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ സൗത്താഫ്രിക്കയെയും ഓസ്‌ട്രേലിയ ന്യൂസിലാൻഡിനെയും നേരിടും.

( Picture Source : Twitter )