Skip to content

ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ

ഐ പി എല്ലിലെ തങ്ങളുടെ നാലാം കിരീടമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയതെങ്കിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയ്ക്കിത് തന്റെ പതിനാറാം ടി20 കിരീടമാണിത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫൈനലുകൾ വിജയിക്കുന്ന താരമെന്ന നേട്ടവും ബ്രാവോ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ് താരവും ഉറ്റസുഹൃത്തുമായ പൊള്ളാർഡിനെ മറികടന്നുകൊണ്ടാണ് ബ്രാവോ ഈ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരശേഷം ഫോൺ ഓണാക്കി കീറോൺ പൊള്ളാർഡിനെയായിരിക്കും താൻ ആദ്യം വിളിക്കുകയെന്ന് ഫൈനൽ വിജയത്തിന് ശേഷം ബ്രാവോ പറയുകയും ചെയ്തു.

( Picture Source : IPL )

ടി20 ട്രോഫികളുടെ എണ്ണത്തിൽ പൊള്ളാർഡിനെ പിന്നിലാക്കിയെങ്കിലും ഐ പി എൽ ട്രോഫികളുടെ കാര്യത്തിൽ ബ്രാവോ ഇപ്പോഴും പിന്നിലാണ്. പൊള്ളാർഡ് 5 തവണ ഐ പി എൽ ഫൈനലുകളിൽ വിജയിച്ചപ്പോൾ മൂന്ന് ട്രോഫിയുടെ ഭാഗമാകാനാണ് ബ്രാവോയ്ക്ക് സാധിച്ചത്. ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സെന്റ് കിറ്റ്സ് നെവിസ് പാട്രിയോട്സിനെ നയിച്ചത് ബ്രാവോയായിരുന്നു. ഈ ഐ പി എൽ സീസണിൽ 15 മത്സരങ്ങളിൽ നിന്നും 14 വിക്കറ്റ് നേടി മികച്ച പ്രകടനം ബ്രാവോ പുറത്തെടുത്തിരുന്നു.

( Picture Source : IPL )

” അതായിരിക്കും ഫോൺ ഓൺ ചെയ്യുമ്പോൾ ഞാനാദ്യം ചെയ്യാൻ പോകുന്നത്‌, ഞാൻ പതിനാറാം കിരീടം നേടിയെന്ന് അവനെയറിയിക്കും (പൊള്ളാർഡിനെ) . ഇനിയൊപ്പമെത്താൻ അവനല്പം പ്രയത്നിക്കേണ്ടതുണ്ട്. ” ഫൈനലിന് ശേഷം ബ്രാവോ പറഞ്ഞു.

( Picture Source : IPL )

” കഴിഞ്ഞ സീസൺ നിരാശപ്പെടുത്തുന്നതായിരുന്നുവെങ്കിലും ടീം മാനേജ്‌മെന്റിനും ഉടമകൾക്കും വിശ്വാസമുണ്ടായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർക്കും ഉടമസ്‌ഥർക്കും ഉറപ്പുനൽകിയിരുന്നു. ടൂർണമെന്റിലെ വ്യത്യസ്ത ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്ക് സാധിച്ചു. ഫാഫും ഋതുജും വേറിട്ടുനിൽക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇരുവരും 500 ലധികം റൺസ് സീസണിൽ നേടി. എക്സ്പീരിയൻസ് ഏതൊരു അവസരത്തിലും യുവത്വത്തെ പരാജയപെടുത്തും. ” ബ്രാവോ കൂട്ടിച്ചേർത്തു.

( Picture Source : IPL )

ഫൈനലിൽ ഒരേയൊരു വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും ഈ വിക്കറ്റോടെ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം ബ്രാവോ സ്വന്തമാക്കി. 166 വിക്കറ്റ് നേടിയ അമിത് മിശ്രയെയാണ് ഈ നേട്ടത്തിൽ ബ്രാവോ പിന്നിലാക്കിയത്. ഐ പി എല്ലിൽ ഇതുവരെ 151 മത്സരങ്ങളിൽ നിന്നും 167 വിക്കറ്റുകൾ ബ്രാവോ നേടിയിട്ടുണ്ട്‌. 122 മത്സരങ്ങളിൽ നിന്നും 170 വിക്കറ്റ് നേടിയ ലസിത് മലിംഗ മാത്രമാണ് ഇനി ബ്രാവോയ്ക്ക് മുൻപിലുള്ളത്.

( Picture Source : IPL )