Skip to content

ഈ ഐ പി എൽ അർഹിച്ചിരുന്നത് അവരാണ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഭിനന്ദിച്ച് എം എസ് ധോണി

ഐ പി എൽ പതിനാലാം സീസണിൽ കിരീടം ഏതെങ്കിലും ടീം അർഹിച്ചിരുന്നുവെങ്കിൽ അത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണെന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഫൈനലിൽ പ്രവേശിച്ചുവെങ്കിലും കലാശപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് മോർഗനും കൂട്ടരും പരാജയപെടുകയായിരുന്നു.

( Picture Source : IPL )

ഇന്ത്യയിൽ നടന്ന ആദ്യ പകുതിയിൽ ഏഴിൽ രണ്ട് മത്സരങ്ങളിൽ മാത്രമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചത്. തുടർന്ന് യു എ ഇയിൽ വെച്ച് ഐ പി എൽ പുനരാരംഭിച്ചപ്പോൾ അവിശ്വസനീയ തിരിച്ചുവരവാണ് കെ കെ ആർ നടത്തിയത്. ലീഗ് ഘട്ടത്തിൽ ഏഴിൽ അഞ്ച് മത്സരങ്ങളും വിജയിച്ചുകൊണ്ട് പോയിന്റ് ടേബിളിൽ നാലാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച കെ കെ ആർ എലിമിനേറ്ററിൽ ആർ സി ബിയെയും തുടർന്ന് രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെയും പരാജയപെടുത്തികൊണ്ടാണ് ഫൈനലിൽ പ്രവേശിച്ചത്. മൂന്നാം കിരീടം ലക്ഷ്യമാക്കി ഫൈനലിലെത്തിയ കൊൽക്കത്തയ്ക്ക് എന്നാൽ ധോണിപ്പടയെ മറിമടക്കുവാൻ സാധിച്ചില്ല.

( Picture Source : IPL )

” ഞാൻ സി എസ് കെയെ കുറിച്ച് സംസാരിക്കുന്നതിന് മുൻപേ കെ കെ ആർ നെ പറ്റി സംസാരിക്കേണ്ടതുണ്ട്. ആദ്യ ഘട്ടത്തിൽ അവരുണ്ടായിരുന്നു പൊസിഷനിൽ നിന്നും തിരിച്ചുവരവ് നടത്തി ഇത്തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് വളരെ പ്രയാസമാണ്. ഈ വർഷം ഏതെങ്കിലും ടീം ഐ പി എൽ കിരീടം അർഹിച്ചിരുന്നെങ്കിൽ അത് കെ കെ ആർ ആണ്. സീസണിനിടെ ലഭിച്ച ഇടവേള അവരെ സഹായിച്ചിട്ടുണ്ട്. ” ധോണി പറഞ്ഞു.

( Picture Source : IPL )

ഐ പി എല്ലിലെ തങ്ങളുടെ നാലാം കിരീടമാണ് ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 193 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടുവാനെ സാധിച്ചുള്ളൂ.

( Picture Source : IPL )

ഫൈനലിലെ തകർപ്പൻ വിജയത്തോടെ 2012 സീസണിലെ തോൽവിയ്ക്ക് മധുരപ്രതികാരം വീട്ടയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. 2012 ഐ പി എൽ സീസണിലെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപെടുത്തിയാണ് കെ കെ ആർ തങ്ങളുടെ ആദ്യ ഐ പി എൽ കിരീടം നേടിയത്.

( Picture Source : IPL )