Skip to content

ആ ലെഗസി ഞാൻ ഉപേക്ഷിച്ചിട്ടില്ല, അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി എം എസ് ധോണി

ഐ പി എൽ 2021 ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സിന് നാലാം ഐ പി എൽ കിരീടം നേടിക്കൊടുത്തിരിക്കുകയാണ് എം എസ് ധോണി. ഫൈനലിന് ശേഷം അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് എം എസ് ധോണി മറുപടിനൽകി. അടുത്ത സീസണിന് മുൻപായി മെഗാലേലം നടക്കുന്നതിനാൽ രണ്ടോ മൂന്നോ താരങ്ങളെ മാത്രമേ ടീമുകൾക്ക് നിലനിർത്തുവാൻ സാധിക്കൂ. എന്നാൽ അടുത്ത സീസണിലും താൻ തുടർന്നേക്കുമെന്നുള്ള സൂചനയാണ് മത്സരശേഷം ധോണി നൽകിയത്.

( Picture Source : IPL )

ഫൈനലിൽ കൊൽക്കത്തയെ 27 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെടുത്തിയത്. ഫാഫ് ഡുപ്ലെസിസിന്റെ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 193 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കെ കെ ആർ ന് 20 ഓവറിൽ 165 റൺസ് നേടുവാനെ സാധിച്ചുള്ളൂ. ഫാഫ് ഡുപ്ലെസിസാണ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് നേടിയത്. ഡുപ്ലെസിസിനൊപ്പം മൂന്ന് വിക്കറ്റ് നേടിയ താക്കൂർ, 2 വിക്കറ്റ് വീതം നേടിയ ജഡേജ, ഹേസൽവുഡ് എന്നിവരും മികച്ചപ്രകടനം പുറത്തെടുത്തു.

മത്സരശേഷം ഹർഷ ബോഗ്ലെയാണ് അടുത്ത സീസണിലെ പദ്ധതികളെ കുറിച്ച് ധോണിയോട് ചോദിച്ചത്. ഹർഷ ബോഗ്ലെയുടെ ചോദ്യത്തോടുള്ള ധോണിയുടെ മറുപടി ഇപ്രകാരമായിരുന്നു.

( Picture Source : IPL )

” പുതിയ ടീമുകൾ അടുത്ത സീസണിൽ വരുന്നുണ്ട്, അതുകൊണ്ട് തന്നെ അത് ബിസിസിഐയെ ആശ്രയിച്ചാണുള്ളത്. ഞാൻ അടുത്ത സീസണിൽ സി എസ് കെയ്ക്ക് വേണ്ടി കളിക്കുമോയെന്നതല്ല പ്രധാനം, ടീമിന് എന്താണ് നല്ലതെന്നാണ് നോക്കേണ്ടത്. പ്രധാന താരങ്ങളുടെ സംഘത്തിന് 10 വർഷം ടീമിനെ നയിക്കാൻ സാധിക്കണം. അതുകൊണ്ട് തന്നെ ടീമിന് എന്താണ് നല്ലതെന്ന് തീരുമാനിക്കേണ്ടതുണ്ട്. ” ധോണി മറുപടി നൽകി.

സി എസ് കെയിൽ ഉണ്ടാക്കിയെടുത്ത പാരമ്പര്യത്തിൽ താങ്കൾക്ക് അഭിമാനിക്കാമെന്ന് പറഞ്ഞുകൊണ്ട് ഹർഷ ബോഗ്ലെ അവസാനിപ്പിച്ചപ്പോൾ ആ ലെഗസി താൻ ഇതുവരെയും ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു ധോണിയുടെ മറുപടി.

( Picture Source : IPL )

” മികച്ച ടീമില്ലാതെ ഇത്തരം പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കില്ല. ആരാധകർക്ക് നന്ദി പറയാൻ കൂടെ ഞാൻ ആഗ്രഹിക്കുന്നു. നമ്മളിപ്പോൾ ദുബായിലാണ്, സൗത്താഫ്രിക്കയിൽ കളിച്ചിരുന്നപ്പോൾ പോലും മികച്ച പിന്തുണ ഞങ്ങൾക്ക് ലഭിച്ചിരുന്നു. എല്ലാവർക്കും നന്ദി. ഇവിടെയപ്പോൾ ചെപ്പോക്ക് പോലെയാണ് തോന്നുന്നത്. അടുത്ത വർഷം ചെന്നൈയിൽ ആരാധകർക്ക് മുൻപിൽ കളിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ” ധോണി മത്സരശേഷം പറഞ്ഞു.

( Picture Source : IPL )

സീസണിലെ മോശം ഫോമിനെ തുടർന്ന് നിരവധി വിമർശനങ്ങൾ എം എസ് ധോണി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ പ്ലേയോഫിലെ ആദ്യ ക്വാളിഫയറിലെ തകർപ്പൻ പ്രകടനത്തിലൂടെ ധോണി വിമർശകർക്ക് മറുപടി നൽകുകയായിരുന്നു.

( Picture Source : IPL )