ഐ പി എൽ 2021, ഓറഞ്ച് ക്യാപ് ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം, തൊട്ടുപിന്നിൽ ഫാഫ് ഡുപ്ലെസിസ്

ഐ പി എൽ പതിനാലാം സീസണിലെ ഓറഞ്ച് ക്യാപ് ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം. ഫൈനലിൽ 27 പന്തിൽ 32 റൺസ് നേടി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പിന്നിലാക്കിയാണ് ഈ സീസണിലെ ഓറഞ്ച് ക്യാപ് ഗയ്ഗ്വാദ് സ്വന്തമാക്കിയത്. മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ചെന്നൈ സൂപ്പർ കിങ്‌സിന്റെ സൗത്താഫഫ്രിക്കൻ ബാറ്റർ ഫാഫ് ഡുപ്ലെസിസിന് വെറും 2 റൺ അകലെയാണ് ഓറഞ്ച് ക്യാപ് നഷ്ട്ടപെട്ടത്.

( Picture Source : IPL )

സീസണിൽ 16 മത്സരങ്ങളിൽ നിന്നും 45.36 ശരാശരിയിൽ ഒരു സെഞ്ചുറിയും നാല് ഫിഫ്റ്റിയുമടക്കം 635 റൺസ് ഗയ്ഗ്വാദ് നേടിയിട്ടുണ്ട്. മറുഭാഗത്ത് ഫൈനലിൽ 59 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 86 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസിന് വെറും 2 റൺ അകലെയാണ് ഓറഞ്ച് ക്യാപ് നഷ്ടമായത്. മത്സരത്തിലെ പ്രകടനമടക്കം 16 മത്സരങ്ങളിൽ നിന്നും 45.21 ശരാശരിയിൽ 6 ഫിഫ്റ്റിയടക്കം 633 റൺസ് ഡുപ്ലെസിസ് നേടി.

( Picture Source : IPL )

13 മത്സരങ്ങളിൽ നിന്നും 62.60 ശരാശരിയിൽ 626 റൺസ് നേടിയ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ 16 മത്സരങ്ങളിൽ നിന്നും 587 റൺസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാർ ധവാൻ, 14 ഇന്നിങ്സിൽ നിന്നും 513 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഗയ്ഗ്വാദിനും ഫാഫ് ഡുപ്ലെസിസിനും പുറകിലുള്ളത്.

( Picture Source : IPL )

ഐ പി എല്ലിൽ ഇത് മൂന്നാം തവണയാണ് ഒരു ടീമിലെ രണ്ട് താരങ്ങൾ സീസണിൽ 600 ലധികം റൺസ് നേടുന്നത്. ഇതിനുമുൻപ് ആർ സി ബിയ്ക്ക് 2013 ൽ കോഹ്ലിയും ക്രിസ് ഗെയ്ലും 2016 ൽ കോഹ്ലിയും എ ബി ഡിവില്ലിയേഴ്സും 600 ലധികം റൺസ് നേടിയിരുന്നു.

( Picture Source : IPL )