Skip to content

അത് വലിയ മണ്ടത്തരം, ഡൽഹിയുടെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് റിക്കി പോണ്ടിങ്, ഗൗതം ഗംഭീർ

ഐ പി എൽ പതിനാലാം സീസണിലെ പ്ലേയോഫിൽ ഡൽഹി ക്യാപിറ്റൽസ് വരുത്തിയ പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച ഡൽഹിയ്ക്ക് രണ്ട് ക്വാളിഫയറിലും വിജയിക്കാൻ സാധിച്ചില്ല. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയോട് മൂന്ന് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് പരാജയപെട്ടത്. തുടർച്ചയായ മൂന്നാം സീസണിലാണ് പ്ലേയോഫിൽ പ്രവേശിച്ചിട്ടും ഡൽഹി ക്യാപിറ്റൽസ് കിരീടം നേടാതെ പുറത്താകുന്നത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ പ്രവേശിച്ചപ്പോൾ ഈ സീസണിൽ ഫൈനൽ കാണാതെ ടീം പുറത്താവുകയായിരുന്നു.

( Picture Source : IPL )

ചെന്നൈയ്ക്കെതിരായ ഒന്നാം ക്വാളിഫയറിൽ റബാഡയ്ക്ക് 19 ആം ഓവർ നൽകാതിരുന്നത് പിഴവായിരുന്നെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം ക്വാളിഫയറിൽ സ്റ്റീവ് സ്മിത്തിന് അവസരം നൽകാതെ സ്റ്റോയിനിസിനെ ഉൾപ്പെടുത്തിയത് വലിയ മണ്ടത്തരമായെന്നും ഗംഭീർ തുറന്നടിച്ചു.

( Picture Source : IPL )

” പ്ലേയോഫിലെ രണ്ട് തീരുമാനങ്ങൾ അവരെ ഒരുപാട് കാലം വേട്ടയാടും, ഒന്ന് ചെന്നൈയ്ക്കെതിരെ റബാഡയ്ക്ക് 19 ആം ഓവർ നൽകാതിരുന്നത്, ഇന്ന് സ്റ്റീവ്‌ സ്മിത്തിനെ അവഗണിച്ച് ഒരു ബാറ്ററെന്ന നിലയിൽ മാത്രം സ്റ്റോയിനിസിനെ ടീമിൽ ഉൾപ്പെടുത്തിയത്. അവനെ ആറാം ബൗളറായാണ് ഉൾപ്പെടുത്തിയതെന്നാണ് ഞാൻ കരുതിയത്, എന്നാൽ പ്രധാന ബാറ്ററായാണ് അവനെ ടീമിൽ ഉൾപ്പെടുത്തിയത്, കൂടാതെ മത്സരപരിചയം ഇല്ലാതിരുന്ന അവനെ മൂന്നാമനായി ഇറക്കുകയും ചെയ്തു. അതൊരു പിഴവിനേക്കാൾ വലിയ മണ്ടത്തരമാണ്. ”

( Picture Source : IPL )

” അതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക, അതിന്റെ ഉത്തരവാദിത്വം ഉടമകൾക്കോ ക്യാപ്റ്റനോ അല്ല, കോച്ചിനാണ്. കാരണം പ്ലേയിങ് ഇലവൻ തിരഞ്ഞെടുക്കുന്നത് കോച്ചാണ്. ഒരു ബാറ്ററെന്ന നിലയിൽ സ്റ്റീവ് സ്മിത്തിനെ അവഗണിച്ച് സ്റ്റോയിനിസിനെ പോലെയൊരു കളിക്കാരനെ ഉൾപ്പെടുത്തിയതിൽ യാതൊരു അർത്ഥവുമില്ല. ” ഗംഭീർ പറഞ്ഞു.

മത്സരത്തിൽ പരിക്കിന്റെ പിടിയിലായിരുന്ന സ്റ്റോയിനിസിനെ ശ്രേയസ് അയ്യർക്ക് മുൻപേ മൂന്നാം നമ്പർ ബാറ്ററായാണ് ഡൽഹി ഇറക്കിയത്. 23 പന്തുകളിൽ നിന്നും 18 റൺസ് മാത്രം നേടിയാണ് സ്റ്റോയിനിസ് പുറത്തായത്. ഓൾ റൗണ്ടർ കൂടിയായ സ്റ്റോയിനിസിന് പന്തെറിയാനും സാധിച്ചില്ല. മത്സരത്തിലെ 14 ആം ഓവറിന് ശേഷം ഫീൽഡിങിൽ നിന്നും താരം പിന്മാറുകയും ചെയ്തിരുന്നു.

( Picture Source : IPL )