Skip to content

ബിഗ് ബാഷ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കി മെൽബൺ സ്റ്റാർസ്

മെൽബൺ : ബിഗ് ബാഷ് ലീഗിലെ 26 ആം മത്സരത്തിൽ മെൽബൺ സ്‌റ്റേഴ്സും മെൽബൺ റെനെഗെറ്റസും തമ്മിൽ ഏറ്റു മുട്ടിയപ്പോൾ കെവിൻ പീറ്റേഴ്‌സന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ സീസണിലെ ആദ്യ ജയം മെൽബൺ സ്റ്റാർസ് സ്വന്തമാക്കി. 23 റൺസിനായിരുന്നു സ്റ്റാർസിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത സ്റ്റാർസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടിയപ്പോൾ 168 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന റെനെഗേറ്റ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

രണ്ടാം വിക്കറ്റിൽ കെവിൻ പീറ്റേഴ്‌സന്റെയും പീറ്റർ ഹാൻഡ്‌സ്‌കോമ്പിന്റെയും മികച്ച ബാറ്റിംഗ് പ്രകടനവും അവസാന ഓവറുകളിൽ ഗ്ലെൻ മാക്സ്‌വെല്ലിന്റെ കിടിലൻ ഫിനിഷിങ്ങുമാണ് സ്റ്റാർസ് ടീമിന് മികച്ച സ്കോർ നേടിയതിൽ പ്രധാന പങ്ക് വഹിച്ചത്. സീസണിൽ ഉടനീളം മികച്ച ഫോം പുറത്തെടുക്കാതെ കളിച്ചു കൊണ്ടിരുന്ന കെവിൻ പീറ്റേഴ്സൺ വെറും 46 പന്തിൽ നിന്നും 76 റൺസ് നേടിയത് വരും മത്സരങ്ങളിൽ സ്റ്റാർസ് ടീമിന് നല്ല ആത്മവിശ്വാസം നല്കുമെന്നതിൽ സംശയം ഇല്ല. അതേ സമയം തന്നെ ഓസ്‌ട്രേലിയൻ ഏകദിന ടീമിൽ നിന്നും പുറത്തായത് മുതൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന ഗ്ലെൻ മാക്സ്വെൽ ഇന്നത്തെ മത്സരത്തിലും പതിവ് തെറ്റിച്ചില്ല. വെറും 16 പന്തിൽ നിന്നും പുറത്താവാതെ 31 റൺസ് നേടിയ താരം ഫീൽഡിങ്ങിൽ ഒരു കിടിലൻ ക്യാച്ച് ഉൾപ്പടെ നാല് ക്യാച്ചുകൾ സ്വന്തമാക്കി.

റെനെഗേറ്റ്സ് ടീമിന് വേണ്ടി മികച്ച സ്കോർ ആരും നേടാതെ കിഴടങ്ങിയപ്പോൾ ബോളിങ്ങിൽ സ്റ്റാർസ് ടീമിന് വേണ്ടി കോൾമാൻ 4 ഓവറിൽ 27 റൺസിന്‌ 3 വിക്കറ്റ് നേടി. ക്യാപ്റ്റൻ ജോണ് ഹേസ്ടിംഗ്സ് വോറൽ എന്നിവർ രണ്ട് വിക്കറ്റുകൾ നേടി വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. കെവിൻ പീറ്റേഴ്‌സണാണ് കളിയിലെ താരം