എലിമിനേറ്ററിൽ ആർ സി ബിയെ പരാജയപെടുത്തി രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സുനിൽ നരെയ്ന്റെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് മത്സരത്തിൽ കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 139 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. മത്സരത്തിലെ പരാജയത്തോടെ ആർ സി ബി ഐ പി എൽ 2021 ൽ നിന്നും പുറത്തായി. ആർ സി ബി ക്യാപ്റ്റനായുള്ള കോഹ്ലിയുടെ അവസാന മത്സരം കൂടിയാണിത്.

15 പന്തിൽ മൂന്ന് സിക്സടക്കം 26 റൺസ് നേടിയ സുനിൽ നരെയ്ന്റെ പ്രകടനമാണ് മത്സരത്തിൽ വഴിത്തിരിവായത്. ശുഭ്മാൻ ഗിൽ 18 പന്തിൽ 29 റൺസും വെങ്കടേഷ് അയ്യർ 26 റൺസും നിതീഷ് റാണ 23 റൺസും നേടി. ആർ സി ബിയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചഹാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബിയെ നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരെയ്നാണ് തകർത്തത്. ക്യാപ്റ്റൻ വിരാട് കോഹ്ലി, ശ്രീകർ ഭരത്, എ ബിഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരെയാണ് സുനിൽ നരെയ്ൻ പുറത്താക്കിയത്. 33 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ടീമിലെ ടോപ്പ് സ്കോറർ. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗ്ലെൻ മാക്‌സ്‌വെൽ 15 റൺസ് മാത്രം നേടി പുറത്തായപ്പോൾ എ ബി ഡിവില്ലിയേഴ്സിന് 11 റൺസ് മാത്രം നേടാനെ സാധിച്ചുള്ളൂ.

നാല് വിക്കറ്റ് നേടിയ സുനിൽ നരെയ്നൊപ്പം നാലോവറിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗുസണും മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിലെ വിജയത്തോടെ കൊൽക്കത്ത രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി. ഷാർജയിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസാണ് കൊൽക്കത്തയുടെ എതിരാളികൾ.
